മലയാളക്കരയ്ക്  ആവേശമായ വള്ളം കളി ഓക്‌സ്‌ഫോഡിലെ  ഫാർമൂർ തടാകത്തിൽ യാഥാർഥ്യമായപ്പോൾ  നെഞ്ചിടിപ്പോടെ കരയിൽ നിന്ന കാണികൾക്കും തുഴക്കാർക്കും അറിയേണ്ട ഒരു കാര്യമുണ്ടായിരുന്നു, എത്ര സമയമെടുത്താണ് ഫിനിഷിങ് പോയന്റിൽ എത്തിയത്? അതിനൊരു കാരണമുണ്ട്. ഈ വർഷത്തെ ജേതാക്കളായ  തായങ്കരി,  കഴിഞ്ഞ വർഷത്തെ ജേതാക്കളുടെ സമയത്തെ പിന്നിലാക്കി ജയം ഉറപ്പിക്കുന്നതുവരെ കഠിന പരിശീലനം നടത്തി എന്ന വാർത്ത  അവരുടെ ആദ്യ ഹീറ്റ്‌സ് കഴിഞ്ഞപ്പോൾ തന്നെ പരന്നിരുന്നു.
രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലരാജാവായ  തായങ്കരി 47.47 സെക്കന്റു കൊണ്ടാണ് കിരീടത്തിൽ മുത്തമിട്ടത്  . തോമസ്കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍​കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് പത്തരമാറിന്റെ തിളക്കമുണ്ട്.
48.66  സെക്കൻഡിൽ ലക്‌ഷ്യം കണ്ട് രണ്ടാം സ്ഥാനത്തെത്തിയ യുക്മയിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനകളിലൊന്നായ നോട്ടിങ്ഹാം എന്‍.എം.സി.എ.യുടെ ബോട്ട് ക്ലബ് തുഴയാനിറങ്ങിയ കിടങ്ങറ കന്നിയങ്കം തന്നെ അവിസ്മരണീയമാക്കി.
മൂന്നാം സ്ഥാനത്തെത്തിയ കവന്‍ട്രി സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ കായിപ്രം 51.45 സെക്കൻഡിൽ ഫിനിഷിങ് പോയന്റ് മറികടന്നപ്പോൾ അരസെക്കന്റിന്റെ പോലും വ്യത്യാസമില്ലാതെയാണ്  സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ ക്യാപ്റ്റന്‍ ജോഷി സിറിയക്കിന്റെ നേതൃത്വത്തിലുള്ള പായിപ്പാട് നാലാം സ്ഥാനത്തേക്ക് പോയത്.
ലൂസേഴ്സ് ഫൈനലില്‍ ഒന്നാമതെത്തിയത് ജോമോന്‍ കുമരകം ക്യപ്റ്റനായി തുഴഞ്ഞ ബര്‍മ്മിങ്ഹാം ബി.സി.എം.സി ടീമിന്റെ തകഴി51.25 സെക്കന്റുകൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടത് ഒരു പക്ഷെ ഭാഗ്യക്കുറവുകൊണ്ടാവാം.
ജൂണ്‍ 30 ശനിയാഴ്ച്ച “കേരളാപൂരം 2018” നോട് അനുബന്ധിച്ച് നടന്ന മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങിയത്. പ്രാഥമിക റൗണ്ടില്‍ ആകെയുണ്ടായിരുന്ന  32 ടീമുകളില്‍ നാല് ടീമുകള്‍ വീതം എട്ട് ഹീറ്റ്സുകളിലായി ഏറ്റുമുട്ടി. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകള്‍ സെമി-ഫൈനല്‍ (അവസാന 16 ടീമുകള്‍) മത്സരങ്ങളിലേയ്ക്ക് പ്രവേശിച്ചു. ഹീറ്റ്സിലെ മൂന്ന്, നാല് സ്ഥാനക്കാർക്കായി,  17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പ്ലേ ഓഫ് മത്സരങ്ങളും ഒരുക്കിയിരുന്നു. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്.
രാവിലെ പത്തുമണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് ഏഴു മണിക്കാണ് അവസാനിച്ചത്. കേരളം നിയമസഭാ സ്പീക്കർ ബഹുമാനപ്പെട്ട ശ്രീരാമകൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ച ജലമാമാങ്കത്തിന് ആശംസകൾ അർപ്പിക്കുവാൻ വി ടി ബൽറാം എം എൽ എ യും ഉണ്ടായിരുന്നു.
യുക്മ പുരത്തിന്റെ കൂടുതൽ വാർത്തകളും ഫോട്ടോകളും ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും