യൂറോപ്പില്‍ ആദ്യമായി നടന്ന മലയാളികളുടെ വള്ളംകളി; മാറ്റുരയ്ക്കാനെത്തിയത് 22 ടീമുകള്‍

യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പിന്തുണയോടെ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നതിനാണ് യു.കെയില്‍ വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള വന്‍ പരിപാടി സംഘടിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ? വകുപ്പുകളുടെ സഹകരണം ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പാക്കിയിരുന്നു. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യു.കെ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ ഒരു സംരംഭം എന്ന നിലയില്‍ ഈ പരിപാടികളെല്ലാം നടത്തുന്നതിന് അനുയോജ്യമായ എല്ലാവിധ സൗകര്യവും ഉള്ള വാര്‍വിക്?ഷെയറിലെ റഗ്ബിയിലുള്ള ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കിലാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച വള്ളംകളിയും കാര്‍ണിവലും സ്റ്റേജ് പ്രോഗ്രാമുകളും പ്രദര്‍ശനം ഉള്‍പ്പെടെയുള്ള അനുബന്ധ പരിപാടികളും അരങ്ങേറിയത്.

സംസ്ഥാനസര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ 2017 ഫെബ്രുവരി 21,22 തീയതികളില്‍ സംഘടിപ്പിച്ച പ്രവാസി ശില്പശാലയില്‍ പ്രത്യേക ക്ഷണം സ്വീകരിച്ച് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പങ്കെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് യു.കെയില്‍ ടൂറിസം-സാംസ്‌ക്കാരിക വകുപ്പുകളുടെ സഹകരണത്തോടെ യുക്മയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാനാവുന്ന പരിപാടികളുടെ കരട് രൂപരേഖയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരായ ശ്രീ കടകംപള്ളി സുരേന്ദ്രന്‍, ശ്രീ എ.കെ ബാലന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ നല്‍കുന്നതിനുള്ള ബഹു. മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ മാസം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് നാട്ടിലെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പരിപാടിയ്ക്ക് കേരളാ ടൂറിസത്തിന്റെ പൂര്‍ണ്ണമായ പിന്തുണ ഉറപ്പാക്കിയത്. സംസ്ഥാനത്തെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരിലൊരാളായ ഡോ. വി വേണു (ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) പ്രത്യേക താത്പര്യമെടുക്കുകയും നോര്‍ക്ക ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഈ പരിപാടിയോട് സഹകരിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. പരിപാടിയുടെ ഓരോ ഘട്ടത്തിലും വിജയകരമായ നടത്തിപ്പിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം അദ്ദേഹം നല്‍കുകയും ചെയ്തു.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌ക്കാരവും, കലാകായിക പാരമ്പര്യവും, ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു.കെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് യുക്മ ഉള്‍പ്പെടുത്തുകയും ചെയ്തു.

വള്ളംകളി മത്സരത്തിന്റെ ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ സംഘാടകരെപ്പോലും ഞെട്ടിച്ച് മത്സരത്തിനൊരുങ്ങിയത് 22 ടീമുകളാണ്. യൂറോപ്പില്‍ ആദ്യമായി നടക്കുന്ന മത്സരവള്ളംകളി മലയാളി മനസ്സുകളെ എത്രമാത്രം കീഴ്‌പ്പെടുത്തിയെന്നതിന്റെ ഉത്തമ? ഉദാഹരണമാണ് ടീം രജിസ്‌ട്രേഷനിലൂടെ അനുഭവവേദ്യമായത്.

മത്സരവള്ളംകളി പ്രഖ്യാപനം നടത്തിയപ്പോള്‍ ടീമുകളെ സംഘടിപ്പിക്കുകയെന്നുള്ളത് ഒരു വലിയ വെല്ലുവിളിയായി മാറുമെന്നായിരുന്നു സംഘാടകസമിതി വിലയിരുത്തിയിരുന്നത്?. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന രീതിയിലുള്ള ആവേശകരമായ പ്രതികരണമായിരുന്നു യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും 20 അംഗ ടീമിനെ എത്തിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൊണ്ട് ഒഴിവാകുകയായിരുന്നു. പലരും ഹോളിഡേയ്‌സ് ആയതിനാല്‍ നാട്ടില്‍ പോകുന്നതിന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതാണ് 20 അംഗ ടീമുകളെ സംഘടിപ്പിക്കുന്നതിന് യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ക്ക് തടസ്സമായത്. എന്നാല്‍ യു.കെയിലെ മലയാളി സമൂഹം ഈ വെല്ലുവിളിയെയും അതിജീവിക്കുന്ന ആവേശകരമായ പ്രതികരണമാണ് ടീം രജിസ്‌ട്രേഷനിലൂടെ തന്നെ തെളിയിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ടീമുകളുടെയും ക്യാപ്റ്റന്മാരുടേയും പേര് താഴെ നല്‍കുന്നു:

1. യോര്‍ക്ക്‌ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് (ജോസ് മാത്യു പരപ്പനാട്ട്)
2. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ (നോബി. കെ. ജോസ്)
3. കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ് (സുധീര്‍ സുരേന്ദ്രന്‍ നായര്‍)
4. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (മാമ്മന്‍ ഫിലിപ്പ്)
5. ഡാര്‍ട്ട്‌ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്‌ഫോര്‍ഡ്, (ജിബി ജോസഫ്)
6. ആന്റോവര്‍ ബോട്ട് ക്ലബ്, ആന്റോവര്‍, (എം.പി പത്മരാജ്)
7. റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം ( അനില്‍ വറുഗ്ഗീസ്)
8. റാന്നി ബോട്ട് ക്ലബ് (കുര്യാക്കോസ് ഉണ്ണീട്ടന്‍)
9. ഇടുക്കി ബോട്ട് ക്ലബ് (പീറ്റര്‍ താണോലില്‍)
10. കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍ (സിബു ജോസഫ്)
11. ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍ ( ജിസ്സോ എബ്രാഹം)
12. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (തോമസ്സുകുട്ടി ഫ്രാന്‍സിസ്)
13. ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍ (ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്)
14. ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ് (രാജു ചാക്കോ)
15. കവ?ന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി (ജോമോന്‍ ജേക്കബ്)
16. ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ഓക്‌സ്‌ഫോര്‍ഡ് (സിബി കുര്യാക്കോസ്)
17. യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ (ജോര്‍ജ് കളപ്പുരയ്ക്കല്‍)
18. മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌ക്കോ ( മാത്യു ചാക്കോ)
19. ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്, ഇപ്‌സ്വിച്ച് (ഷിബി വിറ്റസ്)
20. പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍ ( ഡോ. വിമല്‍ കൃഷ്ണന്‍)
21. ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍ (ജോസ് കാറ്റാടി)
22. ഹേവാര്‍ഡ്‌സ് ബോട്ട് ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്, സസക്‌സ് (സജി ജോണ്‍)

യു.കെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരിക്കാനെത്തിയതും ഏറെ ശ്രദ്ധേയമായി.