യുക്മ മാത്‍സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ആദ്യ ഘട്ട ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്തത് എണ്ണൂറോളം വിദ്യാർഥികൾ

യുക്മ യൂത്തിന്റെ നേതൃത്വത്തിൽ യു കെയിലെ 3 മുതൽ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓൺലൈൻ ടൂഷൻ സ്ഥാപനമായ വൈസ് ഫോക്സ് ആപ്പ് മായി ചേർന്ന് നടത്തിയ യുക്മ മാത്‍സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ 3 – 4 , 5 – 6 , 7 -8 , 9 – 10, 11 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും അവരവരുടെ കഴിവിന് അനുസരിച്ച്, നാഷണൽ പാഠ്യ പദ്ധതി അനുസരിച്ചുള്ള മാത്ത്സ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെട്ട ഓൺലൈൻ പരീക്ഷ ആണ് തയ്യാറാക്കിയിരുന്നത്. രണ്ടു ഘട്ടങ്ങളായാണ് മാത്‍സ് ചലഞ്ച് പരീക്ഷ സംഘടിപ്പിച്ചത്. ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്ത എണ്ണൂറോളം വിദ്യാർത്ഥികളിൽ നിന്ന് 80 ശതമാനമോ അതിലധികമോ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കാണ് കവൻട്രിയിൽ നടന്ന നാഷണൽ ടെസ്റ്റ് സെന്ററിൽ പരീക്ഷയ്ക്ക് അവസരമൊരുക്കിയത്.

യുക്മ മാത്‍സ് ചലഞ്ച് നാഷണൽ വിജയികൾ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നിന്നുള്ള നൈജിൽ ജേക്കബാണ് യുക്മ മാത്‍സ് ചലഞ്ച് നാഷണൽ ചാമ്പ്യൻ. മിഡ്‌ലാൻഡ്‌സ് റീജിയണിൽ നിന്നുള്ള ഋഷികേശ് നാരായണൻ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ സൗത്ത് ഈസ്റ്റിൽ നിന്നുള്ള ജോസഫ് ജോജോ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

റീജിയണൽ തലത്തിലുള്ള വിജയികൾ താഴെപ്പറയുന്നവരാണ്

ഋഷികേശ് സിദ്ധാർഥൻ ഈസ്റ്റ് ആംഗ്ലിയ
കെസിയ മരിയ ജോൺ ലണ്ടൻ
നോഹാൻ ഏലിയാസ് മിഡ്‌ലാൻഡ്‌സ്
റോജൽ വർഗ്ഗീസ് നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ്
സാബിൻ ഫിലിപ്പ് നോർത്ത് വെസ്റ്റ്
ആരോൺ സജി ചാക്കോ സൗത്ത് ഈസ്റ്റ്
ടോണി അലോഷ്യസ് ഈസ്റ്റ് ആംഗ്ലിയ
ജോയൽ ബിജു വെയ്ൽസ്
ജിയാ ഹരികുമാർ യോർക്ഷെയർ ആൻഡ് ഹംബർ
എഡ്വിൻ ജോ ജഗ്ഗി സൗത്ത് വെസ്റ്റ്

ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡുകൾ കരസ്ഥമാക്കിയവർ

ജേക്കബ് ബിനിൽ യോർക്ക്‌ഷെയർ ആൻഡ് ഹംബർ
അഖിൽ ബിജു സൗത്ത് വെസ്റ്റ്
എഡ്വിൻ ജോ ജഗ്ഗി സൗത്ത് വെസ്റ്റ്
ആന്റണി തോമസ് സൗത്ത് വെസ്റ്റ്
മറിയ കാപ്പൻ മിഡ്‌ലാൻഡ്‌സ്
ജോഷ് ജോൺസൺ മിഡ്‌ലാൻഡ്‌സ്
ദിയ നായർ നോർത്ത് വെസ്റ്റ്
ഋഷികേശ് നമ്പൂതിരി നോർത്ത് വെസ്റ്റ്
സുബിൽ ഫിലിപ്പ് നോർത്ത് വെസ്റ്റ്

യുക്മ ആദ്യമായി സംഘടിപ്പിച്ച മാത്‍സ് ചലഞ്ചിന് യുകെ മലയാളികൾക്കിടയിൽ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് യുക്മ യൂത്ത് ഭാരവാഹികളായ ഡോ ദീപ ജേക്കബ്, ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ അറിയിച്ചു.

രെജിസ്റ്റർ ചെയ്യുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടെ തനത് അക്കാദമിക് വർഷത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരുന്നു മാത്‍സ് ചലഞ്ചിൽ നൽകിയിരുന്നത്. സ്വന്തം വീട്ടിൽ നിന്ന് തന്നെ കമ്പ്യൂട്ടറിൽ പങ്കെടുക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്. ഓൺലൈൻ പരീക്ഷയിൽ 60 മിനിട്ടു കൊണ്ട് നൂറു ചോദ്യങ്ങൾക്ക് ആണ് മാത്ത്സ് ചലഞ്ചിൽ ഉത്തരം നൽകേണ്ടത്. നമ്പർ, റേഷ്യോ ആന്റ് പ്രൊപോർഷൻ, ആൾജിബ്ര, ജ്യോമെട്രി ആന്റ് മെഷേഴ്സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ. താരതമ്യേന വളരെ എളുപ്പത്തിൽ ഉത്തരം നൽകാവുന്ന ചോദ്യങ്ങളിൽ തുടങ്ങി എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ ഉള്ള ഒരു പരീക്ഷാരീതി ആണ് യുക്മ മാത്ത്സ് ചലഞ്ചിൽ അവലംബിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചോദ്യത്തിന് ഉത്തരമെഴുതുന്ന കുട്ടികൾക്കായിരുന്നു വിജയകിരീടം.

യുക്മ മാത്ത്സ് ചലഞ്ച് വിജയികൾക്ക് യുക്മ മാത്‍സ് ചാമ്പ്യൻ ട്രോഫിയും വൈസ് ഫോക്സ് ആപ്പ് നൽകുന്ന ക്യാഷ് അവാർഡും ലഭിക്കുന്നതാണ്. വിജയികളെ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുമോദിച്ചു. 2019 ജനുവരി 19 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിൽ വിജയികളെ ആദരിക്കും

 

 

ആരവമുണര്‍ത്തുന്ന വരവേല്‍പ്പ് ഏറ്റുവാങ്ങിക്കൊണ്ട് യുക്മ അവതരിപ്പിക്കുന്ന യു- ഗ്രാന്റ് ലോട്ടറി വീണ്ടും – ജേതാക്കള്‍ക്കായുള്ള നറുക്കെടുപ്പ് യുക്മ ഫാമിലി ഫെസ്റ്റ് വേദിയില്‍ നടക്കും……….. മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്

യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ ‘യു-ഗ്രാന്റ് ലോട്ടറി’യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, 2018 പ്രവര്‍ത്തന വര്‍ഷത്തിലും, മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യു-ഗ്രാന്റ് ലോട്ടറി യു കെ മലയാളികള്‍ക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുക്മ നേതാക്കളും അംഗ അസോസിയേഷന്‍ പ്രവര്‍ത്തകരും ഭാഗഭാക്കായിരുന്നതിനാല്‍ മുന്‍ നിശ്ചയിച്ചിരുന്നതില്‍നിന്നും വ്യത്യസ്തമായി, ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരി 19 ന് നടത്തുന്ന യുക്മ ഫാമിലി ഫെസ്റ്റിലായിരിക്കും യു-ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.

യു-ഗ്രാന്റ് ലോട്ടറിയുടെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളാണ് ഈ വര്‍ഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ ടൊയോട്ടോ ഐഗോ കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് ലോട്ടറിയുടെ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനമായി പതിനാറ് ഗ്രാം സ്വര്‍ണ്ണ നാണയവും മൂന്നാം സമ്മാനമായി എട്ട് ഗ്രാം സ്വര്‍ണ്ണ നാണയവും നാലാം സമ്മാനമായി നാല് ഗ്രാം സ്വര്‍ണ്ണ നാണയവും അഞ്ചാം സമ്മാനമായി രണ്ട് ഗ്രാം സ്വര്‍ണ്ണ നാണയവും നല്‍കപ്പെടുന്നു. യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ് യു- ഗ്രാന്റ് ലോട്ടറിയുടെ സമ്മാനങ്ങള്‍ എല്ലാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന വിപുലമായ വാഗ്ദാനം നടപ്പിലാക്കുന്നത്. യു- ഗ്രാന്റ് ലോട്ടറിയിലൂടെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ. റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണല്‍ നേതൃത്വങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നതില്‍ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുവാന്‍ യുക്മ അംഗഅസ്സോസിയേഷനുകള്‍ക്കും യു- ഗ്രാന്റ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെയാണ്, റീജിയണല്‍- അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു- ഗ്രാന്റ് ലോട്ടറി വില്‍പ്പനയുമായി ഈ വര്‍ഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു കെ മലയാളികള്‍ക്കിടയില്‍ യു-ഗ്രാന്റ് ലോട്ടറിക്ക് ഈ വര്‍ഷം കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും എന്നതില്‍ സംശയമില്ല.

യുക്മ ദേശീയ- റീജിയണല്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണമായി സ്‌പോണ്‍സര്‍മാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാന്‍ യു- ഗ്രാന്റ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികള്‍ക്കിടയില്‍ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്റ് ലോട്ടറിയുടെ യുക്മ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്‌സ്വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, യു- ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, റീജിയണല്‍ പ്രസിഡന്റുമാര്‍, ദേശീയ- റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു. യു- ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട വില്‍പ്പന ഒക്‌റ്റോബര്‍ അവസാനം യുക്മ റീജിയണല്‍-ദേശീയ കലാമേളകളോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. അംഗ അസോസിയേഷനുകളുടെ ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങളോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2019 ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റില്‍ വച്ചായിരിക്കും യു-ഗ്രാന്റ് ലോട്ടറി വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുക.

നവംബര്‍ മാസം യു-ഗ്രാന്റ് നറുക്കെടുപ്പ് നടത്താനായിരുന്നു ദേശീയ കമ്മറ്റിയുടെ മുന്‍ തീരുമാനം. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയ നാളുകളില്‍, ടിക്കറ്റ് വില്പന പോലുള്ള കാര്യങ്ങളില്‍ ഇടപെടാനാവാത്തവിധം യുക്മ പ്രവര്‍ത്തകര്‍ പിറന്ന നാടിനുവേണ്ടി തങ്ങളാലാവുംവിധം പ്രവര്‍ത്തിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് യുക്മ ഫാമിലി ഫെസ്റ്റും യു-ഗ്രാന്റ് നറുക്കെടുപ്പും ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരിയില്‍ നടത്തുവാന്‍ ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചത്.