കലയുടെ ചാരുത ആസ്വദിക്കുന്ന പ്രേക്ഷകർക്കായി ഗർഷോം ടി വിയും യുക്മയും ചേർന്ന് ഒരുക്കുന്ന റിയാലിറ്റി ഷോ കലാവിരുന്ന് ” ഗർഷോം ടി വി – യുക്മ സൂപ്പർ ഡാൻസർ പ്രോഗ്രാമിന് ലെസ്റ്റർ അഥീന തീയേറ്റർ അങ്കണത്തിൽ വച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പ്രമുഖ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും നർത്തകിയുമായ  മൃദുല വാര്യർ തിരി തെളിച്ച് ഉത്‌ഘാടനം ചെയ്തു. ചീഫ് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ യുക്മ നാഷണൽ വൈസ് പ്രെസിഡന്റ് ഡോക്ടർ ദീപ, യുക്മ നാഷണൽ എക്സിക്യൂട്ടീവ് കുഞ്ഞുമോൻ ജോബ്, ഗർഷോം ടി വി  മീഡിയ കോർഡിനേറ്റർ ജോമോൻ കുന്നേൽ, പ്രോഗ്രാം പ്രൊഡ്യൂസർ ബിനു ജോർജ്ജ്, യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസ്,  നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ,  സാംസ്കാരിക വേദി വൈസ് ചെയർമാൻ സി എ ജോസഫ് എന്നിവർ  ആശംസകളും ഭാവുകങ്ങളും നേർന്ന് ഉൽഘാടന ചടങ്ങിന് ഭാവുകത്വം പകർന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഗർഷോം ടി വിയുടെ സഹകരണത്തോടെ നടന്നു വരുന്ന യുക്മ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ പരിസമാപ്തിയോടെ  ലെസ്റ്റർ അഥീന തീയേറ്ററിൽ  നടന്ന ചടങ്ങിൽ വച്ചായിരുന്നു യുക്മയും ഗർഷോം ടി വിയും സംയുക്തമായി പ്രേക്ഷകർക്കായി സമർപ്പിക്കുന്ന യുക്മ – ഗർഷോം ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ ഉൽഘാടനം.
യു കെ മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ യുക്മ ലോകത്തെ തന്നെ പ്രവാസി മലയാളി സംഘടനകളിൽ ഏറ്റവും വലിയതാണ്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 115 ഓളം മലയാളി അസോസിയേഷനുകൾ അംഗങ്ങളായുള്ള യുക്മയുടെ സാംസ്കാരിക – കലാ മേളകൾ പ്രസിദ്ധവും, കലാ- കായിക= സാംസ്കാരിക രംഗത്തെ പ്രതീക്ഷകൾക്ക് കരുത്തേകുന്നതും ആണ്. വർഷാവർഷം നടന്നു വരാറുള്ള മേളകളിൽ കലാ-കായിക പ്രതിഭകളെ ആദരിക്കുന്ന യുക്മ ഗർഷോം ടി വി യുമായി ചേർന്ന് നടത്തുന്ന സ്റ്റാർ സിംഗർ പ്രോഗ്രാം അഭൂതപൂർവമായ വിജയവുമായി മൂന്നാം വര്ഷം പിന്നിടുമ്പോൾ, നടന ചാരുതയാൽ സദസ്സിനെ വിസ്മയിപ്പിക്കുന്ന അംഗനമാരുടെ തത്സമയ പ്രകടനവും,  വിധിനിർണ്ണയവും  ചേർന്ന സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയ്ക്കാണ് ലെസ്റ്റർ അഥീന തീയേറ്ററിൽ മെയ് 26-ന് ഉൽഘാടനം ചെയ്യപ്പെട്ടത്.
ഇതിനോടകം പത്ര വാർത്തകളിൽ കൂടിയും ഗർഷോം ടി വി പ്രക്ഷേപണങ്ങളിൽ കൂടിയും സോഷ്യൽ മീഡിയകളിൽ കൂടിയും പ്രസിദ്ധമായ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ ഓഡീഷനായി നിരവധി അപേക്ഷകൾ ലഭിച്ചുകഴിഞ്ഞതായി ചീഫ് പോഗ്രാം കോർഡിനേറ്റേഴ്‌സ് ഡോക്ടർ ദീപയും, കുഞ്ഞുമോൻ ജോബും അറിയിച്ചു. മുൻകൂട്ടി അറിയിച്ച പ്രകാരം ജൂൺ 16-ന് ലണ്ടനിലും, ലെസ്റ്റർ, ഡബ്ലിൻ, സൂറിക് എന്നിവിടങ്ങളിലുമായി നടക്കുന്ന ലൈവ് ഒഡീഷന് ശേഷം പ്രാഥമിക റൗണ്ടുകളിലേക്കുള്ള 20 മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് പ്രാഥമിക മത്സരങ്ങൾ ജൂലൈ 14 ന് തുടങ്ങുമെന്ന് യുക്മ- ഗർഷോം ടി വി വൃത്തങ്ങൾ അറിയിച്ചു.
പ്രാഥമിക റൗണ്ടുകളിലെ വിജയികൾ ക്വാർട്ടർ –  സെമി ഫൈനൽ റൗണ്ടുകളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് മത്സരിച്ച് വിജയികളാകുന്നവർ ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നതും യുക്മ ഫെസ്റ്റിനോട് അനുബന്ധിച്ച് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന തത്സമയ മത്സരങ്ങളിൽ നിന്ന് വിജയികളെ കണ്ടെത്തുന്നതും ആണ്.
മത്സരങ്ങൾ ആദ്യാവസാനം നിയന്ത്രിക്കുന്നത് പരിചിതരും പ്രശസ്തരുമായ വിധികർത്താക്കൾ ആയിരിക്കും. അവസാന മത്സരത്തിൽ സെലിബ്രിസിറ്റി ഗെസ്റ്റും വിധി നിർണയത്തിന് ഭാഗഭാക്കായിരിക്കും.

ഗർഷോം ടി വി – യുക്മ സൂപ്പർ ഡാൻസറിന്റെ മത്സരങ്ങൾ ആസ്വദിക്കുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും ഗർഷോം ടി വി – യുക്മ വാർത്തകൾ തത്സമയ സംപ്രേഷണങ്ങൾ നടത്തുന്നതായിരിക്കും.
ജൂൺ 16 മുതൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യുക്മ യുമായി ബന്ധപ്പെടുക