ഏപ്രില്‍ 28ന് നഴ്‌സസ് കണ്‍വന്‍ഷനുമായി യുക്മ

വര്‍ഗ്ഗീസ് ഡാനിയേല്‍ – പി ആര്‍ ഒ യുക്മ

യു.കെയിലെ നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ദേശീയ തലത്തില്‍ മലയാളി നഴ്സുമാരെ സംഘടിപ്പിക്കുവാനുമുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് യുക്മ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് ലണ്ടനില്‍ നഴ്സസ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

നഴ്സിംഗ് മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഒരു സംഘടിത ശക്തിയായി നിന്നുകൊണ്ടു അതിനെ നേരിടുന്നതിനുള്ള ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കേണ്ടതും അതു യു.കെയിലെ വിവിധ ട്രേഡ് യൂണിയനുകളെയും മറ്റ് അധികാരകേന്ദ്രങ്ങളേയും ബോധ്യപ്പെടുത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നഴ്സിംഗ് മേഖലയിലെ നയരൂപീകരണത്തിലും മറ്റും വ്യക്തമായ ഒരു സ്വാധീനശക്തിയായി നമ്മള്‍ ഉയര്‍ന്നുവരണമെന്ന അഭിപ്രായം ഏവരിലുമുണ്ട്. മലയാളി സമൂഹത്തില്‍ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്നവരുടെ ആവശ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യുക്മയുടെ പുതിയ ഭരണസമിതി പ്രഥമ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ നഴ്സസ് കണ്‍വന്‍ഷന്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഏപ്രില്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെയുള്ള ഒരു മുഴുവന്‍ ദിന പരിപാടിയായി, യുക്മയുടെ നഴ്സിംഗ് വിഭാഗമായ യുക്മ നഴ്സസ് ഫോറത്തിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ ലണ്ടനില്‍ വെച്ചാണു കണ്‍വന്‍ഷന്‍ നടത്തപെടുന്നത്. അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും നമ്മുടെ സംഘടിത ശേഷി ബോധ്യപ്പെടുത്തുന്നതിനുമെല്ലാം ലണ്ടനില്‍ നഴ്സസ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്ന ദേശീയ നിര്‍വാഹക സമിതിയിലെ ഐക്യകണ്ഠമായ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് വ്യക്തമാക്കി.

നഴ്സിംഗ് പ്രൊഫഷണലുകളുടെ കണ്‍വന്‍ഷന്‍ ചിട്ടയായ മുന്നൊരുക്കങ്ങളോട് കൂടിയാവും നടത്തപ്പെടുന്നത് യു.കെ ഗവണ്‍മെന്റ്, നഴ്സിംഗ് റഗുലേറ്ററി സ്ഥാപനമായ എന്‍.എം.സി, ട്രേഡ് യൂണിയനുകളായ ആര്‍.സി.എന്‍, യൂണിസെന്‍ മുതലായവയുടെ നേതൃരംഗത്ത് ഉള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്ന രീതിയിലാണു കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ നഴ്സുമാരായി ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനകരമാവുന്ന തരത്തിലാവും ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തുക. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെ നയവ്യതിയാനങ്ങള്‍ ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍, നഴ്സിംഗ് മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ഗൗരവമേറിയ ക്ലാസ്സുകളും ചോദ്യോത്തര വേളകളും കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തും. അക്രഡിറ്റഡ് സി.പി.ഡി പോയിന്റുകള്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

നഴ്സിംഗ് ഡിഗ്രി/ഡിപ്ലോമ നേടിയതിനു ശേഷം ഐ.ഇ.എല്‍.ടി.എസ് 7സ്‌ക്കോര്‍ നേടാനാവാത്തതു കാരണം കെയര്‍മാരായി ജോലി തുടരുന്നവരുടെ പ്രശ്നങ്ങളും അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും ഈ കണ്‍വന്‍ഷന്‍ പ്രയോജനപ്പെടുത്തണമെന്നാണ് യുക്മയുടെ തീരുമാനം.

യുക്മയുടെ എല്ലാ അംഗ അസ്സോസ്സിയേഷനുകളില്‍നിന്നും നിന്നും പ്രതിനിധികളെ നഴ്സസ് കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താവും കണ്‍വെന്‍ഷനില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്.

രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടു നില്‍ക്കുന്ന പരിപാടി എന്ന നിലയില്‍ ഭക്ഷണക്രമീകരണവും ഉണ്ടാവുന്നതാണ്. കണ്‍വന്‍ഷന് ശേഷം വൈകിട്ട് കലാ പരിപാടികളും സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി ചെറിയ ഒരു തുക രജിസ്ട്രേഷന്‍ ഫീസായി പ്രതിനിധികളില്‍ നിന്ന് സ്വരൂപിക്കുവാനായി ആഗ്രഹിക്കുന്നു. ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം സ്വാഗതസംഘം രൂപീകരണത്തിന് ശേഷം കൈക്കൊണ്ടാല്‍ മതി എന്നാണു യുക്മ ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

യുക്മ ദേശീയ ഭരണസമിതിയിലെ നഴ്സിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, നഴ്സസ് ഫോറം മുന്‍ പ്രസിഡന്റ് എബ്രാഹം ജോസ് പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിലാവും കണ്‍വന്‍ഷന്‍ സംഘടിപ്പിക്കപ്പെടുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗിസ് അറിയിച്ചു. കണ്‍വന്‍ഷന്റെ വിവിധ ചുമതലകള്‍ നല്‍കുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി വിപുലമായ സ്വാഗതസംഘം മാര്‍ച്ച് ആദ്യ ആഴ്ച്ച തന്നെ സംഘടിപ്പിക്കുന്നതാണ്. നഴ്സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതും പരിപാടിയുടെ നടത്തിപ്പുമായി സഹകരിക്കുന്നതിനും സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുന്നതിനുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

സിന്ധു ഉണ്ണി: 07979 123615

എബ്രാഹം ജോസ്: 07703 737073