യുക്മ ജനറൽ കൌൺസിലിലേക്ക് അംഗ അസ്സോസിയേഷനുകളുടെ പ്രതിനിധി ലിസ്റ്റ് സമർപ്പിക്കാൻ ഡിസംബർ 20 വരെ അവസരം

യുക്മ ഭരണഘടന അനുസരിച്ച് യുക്മ ജനറൽ കൌൺസിലിലേക്ക് അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുത്ത് അയക്കാൻ ഡെർബിയിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗം അംഗ അസ്സോസിയേഷനുകളോട് അഭ്യർത്ഥിച്ചു.

ഇതനുസരിച്ച് ഓരോ യുക്മ അംഗ അസ്സോസിയേഷനും മൂന്ന് പേരടങ്ങുന്ന പ്രതിനിധി ലിസ്റ്റ് നിശ്ചിത ഫോമിൽ ഡിസംബർ 20 രാത്രി 12 ന് മുൻപായി യുക്മ ദേശീയ സെക്രട്ടറിയുടെ ഇമെയിലിലേക്ക് അയച്ച് കൊടുക്കണമെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജജ് എന്നിവർ അഭ്യർത്ഥിച്ചു.

മൂന്ന് പേരടങ്ങുന്ന പ്രതിനിധി ലിസ്റ്റ് നിശ്ചിത അപേക്ഷ ഫോമിൽ വ്യക്തമായി പൂരിപ്പിച്ച് secretary.ukma@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും അസ്സോസിയേഷനിൽ നിന്നും പ്രതിനിധി ലിസ്റ്റ് നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ചില്ലങ്കിൽ നിലവിലുള്ള ലിസ്റ്റിലെ പ്രതിനിധികളെ തുടരുവാൻ അനുവദിക്കുന്നതാണ്.

കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാൻ യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ആസ്വാദകർ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക്…. ആഗസ്റ്റിൽ 12 ലൈവുകൾ … സ്വാതന്ത്ര്യദിനത്തിലും തിരുവോണ ദിവസവും കുട്ടികളുടെ പ്രത്യേക പരിപാടികൾ…ആഗസ്റ്റ് 31 ന് ഉജ്ജ്വലമായ സമാപനം….

കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യദിനം, തിരുവോണം സ്പെഷലുകൾ ഉൾപ്പടെ 12 ലൈവുകളാണ് ആഗസ്റ്റിൽ നടക്കുന്നത്. “സൂപ്പർ വീക്ക്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗസ്റ്റിലെ അവസാന ആഴ്ചയിൽ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബർ മുതൽ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പെർഫോം ചെയ്യാൻ വേണ്ടി മാത്രമായി തുടങ്ങിയ “Let’s Break It Together” ഷോ തുടർന്ന് കൊണ്ട് പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഷോ ആഗസ്റ്റ് അവസാനത്തോടെ നിർത്തുവാൻ സംഘാടകർ നിർബ്ബന്ധിതരായത്.
കാരുണ്യ ദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാനായി യുക്മ സാംസ്കാരിക വേദി ആരംഭിച്ച “Let’s Break It Together” ൽ യുകെയിൽ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപ്രതിഭകളായ കുട്ടികളെ പങ്കെടുപ്പിച്ചും ലൈവ് ഷോ നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. പരിപാടികൾ ആരംഭിച്ചതിനുശേഷം യുകെയിൽ നിന്നും നിരവധി കുട്ടികൾ “Let’s Break It Together” കാമ്പയിനിൽ പങ്കെടുക്കുവാൻ മുന്നോട്ടു വന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളായ കുട്ടികൾ പരിപാടികൾ നടത്തുവാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അവരെയെല്ലാം ഉൾപ്പെടുത്താൻ കഴിയാതിരുന്നതിൽ സംഘാടകസമിതി അതീവമായ ഖേദം പ്രകടിപ്പിക്കുന്നു.
യുക്മ കുട്ടികൾക്കായി ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അവർക്കും അവസരം നൽകുവാൻ പരിശ്രമിക്കുന്നതാണ്. എന്നാൽ “ Let’s Break It Together” ലൈവ് ഷോയുടെ ആരംഭത്തിൽതന്നെ യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച  സാഹിത്യ മത്സരങ്ങളിൽ വിജയിയായിട്ടുള്ള ഷേബാ ജെയിംസിന്റെ ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുവാനായി താല്പര്യപൂർവ്വം വീഡിയോസും വിശദാംശങ്ങളും അയച്ചുതന്നിരുന്നതുകൊണ്ട് ആരംഭത്തിൽത്തന്നെ ആ പരിപാടി സംഘാടകർ ഷെഡ്യൂൾ ചെയ്തിരുന്നു.
സെപ്റ്റംബർ ആദ്യം യുകെയിൽ സ്‌കൂളുകൾ തുറക്കുന്നതിനാൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച്ച യു കെ സമയം 5 p m ന് ( ഇന്ത്യ 9 .30 pm) ബാംഗ്ലൂരിൽ നിന്നുള്ള സംഗീതോപകരണങ്ങളിൽ അതീവ പ്രവീണ്യരായ കുട്ടികളുടെ തിരുവോണ ദിന സ്പെഷ്യൽ പരിപാടിയോടെ  “Let’s Break It Together” ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.
ആഗസ്റ്റ് നാലിന് നടന്ന ലൈവോടെ ആരംഭിച്ച ആഗസ്റ്റ് മാസത്തെ ഷോയിൽ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററിൽ നിന്നുള്ള രണ്ട് കലാപ്രതിഭകൾ പെർഫോം  ചെയ്യുവാനെത്തുന്നത് ഇന്ന് (08/08/2020) ശനിയാഴ്ചയാണ്. തുടർന്ന് 11/08/2020 ചൊവ്വ മാഞ്ചസ്റ്ററിൽ നിന്ന് തന്നെ രണ്ട് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 13/08/2020, വ്യാഴം ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമിൽ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15/08/2020, ശനി ഇൻഡ്യൻ സ്വാതന്ത്ര്യദിനത്തിൽ, സ്വാതന്ത്ര്യദിന സ്പെഷലുമായി എത്തുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18/08/2020, ചൊവ്വാഴ്ച  തുടങ്ങുന്ന ആഗസ്റ്റിലെ മൂന്നാമത്തെ ആഴ്ചയിൽ ലെസ്റ്ററിൽ നിന്നുള്ള മൂന്ന് കലാകൗമാരങ്ങൾ ലൈവിലെത്തുമ്പോൾ, 20/08/2020 വ്യാഴം ഷോയിലെത്തുന്നത് നോർത്താംപ്ടണിൽ നിന്നുള്ള മൂന്ന് കുട്ടി പ്രതിഭകളാണ്.
22/08/2020, ശനിയാഴ്ച കേംബ്രിഡ്ജിൽ നിന്നുള്ള മൂന്ന് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 25/08/2020 ചൊവ്വ അരങ്ങിലെത്തുന്നത് ലണ്ടനിൽ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. തുടർന്ന് 27/08/2020, വ്യാഴം പീറ്റർബറോയിൽ നിന്നുള്ള രണ്ട് കുട്ടി പാട്ടുകാർ ലൈവിലെത്തുമ്പോൾ 29/08/2020, ശനിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കാർഡിഫിൽ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്. “Let’s Break It Together” ഷോയുടെ അവസാന ദിവസമായ 31/08/2020, തിങ്കൾ, തിരുവോണദിന സ്പെഷൽ തകർപ്പൻ  ഷോയുമായി എത്തുന്നത് ബാംഗ്ളൂർ നിന്നുള്ള മൂന്ന് കുട്ടികളാണ്.
മെയ് 28, വ്യാഴം 5 PM ന് ആരംഭിച്ച “Let’s Break It Together” ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകൾ പൂർത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട്  വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച ഷോയിൽ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകൾ പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ കഴിവ് പ്രദർശിപ്പിച്ച് കഴിഞ്ഞു.
പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഫ്ളൂട്ട്, ഡ്രംസ്, മൌത്ത് ഓർഗൻ, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങൾ, തികഞ്ഞ  പ്രൊഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തിൽ പെർഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേർന്നപ്പോൾ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തിൽ ഷോയുടെ നിലവാരം ഉയരുകയായിരുന്നു.
മാസങ്ങൾ നീണ്ട് നിന്ന ലോക്ക് ഡൌൺ സമയത്ത് വീടുകളിൽ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന കുട്ടികളുടേയും മുതിർന്നവരുടേയും മാനസികോല്ലാസത്തിന് ഉതകുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് യുക്മ സാംസ്കാരിക വേദി ഇത് പോലൊരു ആശയവുമായി മുന്നോട്ട് വന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിൽ  യുക്മ സാംസ്കാരിക വേദി രക്ഷാധികാരി C A ജോസഫ് മുഖ്യ സംഘാടകനും  യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ലൈവ് ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
എക്കാലവും വേദിയുടെ പിന്നിൽ ഒതുങ്ങി പോയിരുന്ന ഉപകരണ സംഗീത വിഭാഗത്തിന് പ്രാമുഖ്യം നൽകിയതാണ് “Let’s Break It Together” ഷോയെ മറ്റ് സംഗീത ലൈവ് ഷോകളിൽ നിന്നും വ്യത്യസതമാക്കിയത്.
“Let’s Break It Together” ഷോയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൈവ് ഷോയാക്കി തുടക്കം മുതൽ നിലനിർത്തിയത് ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ കഠിന പരിശീലനം, കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന മാതാപിതാക്കൾ, കുട്ടികളെ പരിശീലിപ്പിക്കുന്ന ഗുരുക്കൻമാർ എന്നിവരുടെ അർപ്പണബോധമാണ്. “Let’s Break It Together” ഷോയുടെ ആരംഭം മുതൽ ഷോയ്ക്ക് ഉറച്ച പിന്തുണയുമായി നിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകരാണ് ഈ വിജയത്തിന്റെ ചാലക ശക്തികൾ.
“LET’S BREAK IT TOGETHER” ലൈവ് ഷോയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും യുക്മയുടെ ആഭിമുഖ്യത്തിൽ ഷോയുടെ അവസാന ലൈവിന് ശേഷം സർട്ടിഫിക്കറ്റുകൾ നേരിട്ട് എത്തിച്ച് നൽകുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് “Let’s Break It Together” ലൈവിൽ പകെടുത്ത മുഴുവൻ  കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകർ ആലോചിക്കുന്നുണ്ട്.
 “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
“Let’s Break It Together” ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികൾക്കാവശ്യമായ  സാങ്കേതിക സഹായവുമായി റെക്സ്‌ ബാന്റ് യു കെ യുടെ റെക്സ് ജോസ്, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 26…. ഔദ്യോഗീക ഉദ്‌ഘാടനം ഡിസംബർ 12 ശനിയാഴ്ച; ഇ മെയിലിലൂടെ മത്സരാർത്ഥികൾക്ക് വീഡിയോകൾ അയക്കാം….. യാത്ര ഒഴിവാക്കി ദേശീയ മേളയിൽ പങ്കെടുക്കാമെന്നതിനാൽ ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു……

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെർച്വൽ നഗറിൽ ദേശീയമേളക്ക് തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും  ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 26 വ്യാഴാഴ്ച വരെ ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 30 തിങ്കളാഴ്ച രാത്രി 12 മണിക്ക് മുൻപായി  നിബന്ധനകൾ പാലിച്ചുകൊണ്ട്  മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.
മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2020യുടെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.
പ്രസംഗ വിഷയങ്ങൾ :-
സീനിയേഴ്സ് – പ്രവാസി മലയാളിയുടെ സ്വത്വ ചിന്ത വ്യതിയാനങ്ങൾ കോവിഡിനു മുൻപും ശേഷവും
ജൂനിയേഴ്സ് – ഇംഗ്ലീഷ് – The importance of arts in education
മലയാളം – കോവിഡ് കാലത്തെ അതിജീവനം: കുടുംബം – സമൂഹം
സബ് ജൂനിയേഴ്സ് – മലയാളം – മൂല്യബോധവും കുട്ടികളും
ഇംഗ്ലീഷ് – My dream and my ambition
യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത  സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
കലാമേള നഗർ നാമകരണത്തിനും ലോഗോ രൂപകൽപ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകൾ തുടങ്ങിയത്. നഗറിന് പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടർ, ടെസ്സ സൂസൻ ജോൺ, സോണിയ ലുബി എന്നിവർക്ക് പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.
കലാമേള ലോഗോ മത്സരത്തിൽ ഈസ്റ്റ്ബോണിൽ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (സീമ) ഈസ്റ്റ് ബോണിൻ്റെ പി ആർ ഒ കൂടിയാണ് സജി സ്കറിയ. നഗർ-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്   ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വൽ അംഗ അസോസിയേഷനുകൾക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.‌
ദീർഘമായ യാത്രകൾ ഒഴിവാക്കി ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ മത്സരാർത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകർഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്‌ട്രേഷൻ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ പറഞ്ഞു.  കലാമേളയുമായി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണൽ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.
യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ ദേശീയ കലാമേള ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യുമ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയും കൂടിയാണ്. ഇനിയും മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു യുക്മ ദേശീയ കലാമേളയുടെ ശോഭ വർദ്ധിപ്പിക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ നേതാക്കൻമാരോടും, പ്രവർത്തകരോടും  ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

ചരിത്രം സൃഷ്ടിച്ച് “യുക്മ-അലൈഡ് ആദരസന്ധ്യ 2020”: യു.കെ മലയാളികള്‍ക്ക് നവ്യാനുഭവം…


സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പ്രവാസിമലയാളി സമൂഹത്തിന് നവ്യാനുഭവം സമ്മാനിച്ച് “യുക്​മ-അലൈഡ് ആദരസന്ധ്യ 2020” ചരിത്രസംഭവമായി മാറി. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്​മയായ യുക്​മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിച്ച​ സാംസ്ക്കാരിക പരിപാടി യു.കെ മലയാളികളുടെ മനസ്സുകളില്‍ എന്നും മായാതെ നില്‍ക്കുന്ന വര്‍ണ്ണചിത്രമായി മാറി. യുക്​മയുടെ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെയും ആഗോള മലയാളി സമൂഹത്തിലെ അഞ്ച് പ്രതിഭാധനരെയും യു.കെയിലെ അഞ്ച് മഹദ്​വ്യക്തിത്വങ്ങളെയും ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്​മയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ മെഗാ സ്പോണ്‍സേഴ്​സ് ആയിരുന്ന അലൈഡ് ഫിനാന്‍സ് സാരഥികളെയും ആദരിക്കുന്ന ചടങ്ങിനൊപ്പം ഫാഷന്‍ ഷോ, ടാബ്ലോ, സമകാലീന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്കിറ്റ് എന്നിവയും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകരും സര്‍ഗ്ഗപ്രതിഭകളായ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ ബ്രിട്ടണിലെ മലയാളികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
സൗത്ത് ലണ്ടനിലെ സാത്വിക ഡാന്‍സ് ഗ്രൂപ്പ് മേധാവി അനു ലാനിഷിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കേരളീയ തനിമയാര്‍ന്ന വസ്ത്രധാരണത്തോടെയുള്ള സ്വാഗതനൃത്തത്തോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം പരിപാടികള്‍ ആരംഭിച്ചത്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും മറ്റും അപ്പോഴേയ്ക്കും എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു മുന്‍പില്‍ വിവിധ നൃത്ത – സംഗീത കലാരൂപങ്ങള്‍ അരങ്ങേറി. മുന്‍പ് നിശ്ചയിച്ചിരുന്നതു പോലെ തന്നെ കൃത്യം അഞ്ച് മണിയ്ക്ക് തന്നെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. യുക്​മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍  ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണത്തിലൂടെ വിശിഷ്ടാതിഥികളെയും അവാര്‍ഡ് ജേതാക്കളേയും സദസ്സിന് പരിചയപ്പെടുത്തി ഏവരേയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്തു.
ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ ഇന്ത്യന്‍ വംശജനായ  ബിഷപ്പ് ദി റൈറ്റ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.  മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയത്തിനുമപ്പുറം വളര്‍ന്ന് ഇന്റര്‍ കള്‍ച്ചറല്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റവും ബ്രിട്ടണിലെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടും വിപുലീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം വിവിധ സംസ്ക്കാരങ്ങളില്‍ നിന്നുള്ളവര്‍ ഒരു രാജ്യത്തേയ്ക്ക് കുടിയേറിയപ്പോഴാണ് മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയം ഉയര്‍ന്നു വന്നത്. സ്വന്തം സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സഹകരണത്തോടെ ജീവിച്ചു വന്നിരുന്ന മള്‍ട്ടി കള്‍ച്ചറിസത്തില്‍ നിന്നും ഏറെ മുന്നോട്ട് പോവേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പൊതുസമൂഹത്തില്‍ സ്വന്തം സത്വം തിരിച്ചറിഞ്ഞ് വിവിധ സംസ്ക്കാരങ്ങള്‍ ചേര്‍ന്ന് വളരുന്ന ഇന്റര്‍കള്‍ച്ചറല്‍ എന്ന ആശയത്തിനാണ് പുതിയ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതങ്ങളും വിശ്വാസങ്ങളും ഒരുമയോടെ ജീവിക്കുന്ന മഹത്തായ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയ ആളുകള്‍ എന്ന നിലയില്‍ മലയാളികള്‍ക്കും യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന യുക്​മയ്ക്കും ഇന്റര്‍കള്‍ച്ചറല്‍ സംസ്ക്കാരത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് മിനിസ്റ്റര്‍ കോര്‍ഡിനേഷന്‍ മന്‍മീത് സിങ് നാരങ് മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികളെ ഹൈക്കമ്മീഷനുമായി ബന്ധപ്പിച്ച് നിര്‍ത്തുന്നതില്‍ യുക്​മ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. യുക്​മയുമായി സഹകരിച്ച് കൂടുതല്‍ പരിപാടികള്‍ നടത്തുന്നതിന് ഹൈക്കമ്മീഷന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി.പി സജീന്ദ്രന്‍ എം.എല്‍.എ, വിശിഷ്ടാതിഥി കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്, പ്രത്യേക ക്ഷണിതാവ്  ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ്സ് ഡെവലപ്​മെന്റ് മാനേജര്‍ ഹാഷിം റഷീദ്, യുക്​മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യൂറോപ്പിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്പിളുവേലില്‍, അമേരിക്കയില്‍ നിന്നും ഫൊക്കാന ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, ലൗട്ടൻ  മുൻ മേയർ ഫിലിപ്പ് എബ്രഹാം  എന്നിവര്‍ യുക്​മയുടെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ദേശീയ ജോ. സെക്രട്ടറി സെലീന സജീവ് ഉദ്ഘാടന സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് യുക്​മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേര ട്സിന്റെ  ടോണി അലോഷ്യസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ പ്രതിഭ തെളിയിച്ച പത്ത് മലയാളികള്‍ക്ക് യുക്​മ പ്രഖ്യാപിച്ച പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള നിയമ നിര്‍മ്മാണ പുരസ്ക്കാരം –  വി.പി സജീന്ദ്രന്‍ എം.എല്‍.എ (കുന്നത്തുനാട്), യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – പോള്‍ ജോണ്‍ (ലണ്ടന്‍), പ്രവാസി മലയാളികള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൈവരിച്ചതിനുള്ളതിന്  പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി), കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്​മയ്ക്ക് നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ച് കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം), യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവിനുള്ള ബെസ്റ്റ് ട്രാന്‍സ്​അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം – മാധവന്‍ നായര്‍ (ഫൊക്കാന പ്രസിഡന്റ്, അമേരിക്ക), യു.കെ മലയാളികള്‍ക്കിടയിലും യുക്​മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ച് കര്‍മ്മശ്രേഷ്ഠ പുരസ്ക്കാരം – തമ്പി ജോസ് (ലിവര്‍പൂള്‍), പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിന് മഹാത്മാ പുരസ്ക്കാരം – വി.ടി.വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ്, അബുദാബി, യു.എ.ഇ), രണ്ട് പതിറ്റാണ്ട് കാലം ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്​കെയര്‍ റിക്രൂട്ട്മെന്റ് – മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍), ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം – സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലാണ്ട്), യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകനുള്ള എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം – വിവേക് പിള്ള (ലണ്ടന്‍) എന്നിവര്‍ക്കാണ് സമ്മാനിച്ചത്.
തുടര്‍ന്ന് പത്ത് വര്‍ഷം യുക്​മ മെഗാ സ്പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാരഥികളായ ജോയ് തോമസ്, ബിജോ ടോം എന്നിവരെ പ്രത്യേകം ആദരിച്ചു. പൊന്നാട, മൊമെന്റോ, പ്രശസ്തി പത്രം എന്നിവ പുരസ്ക്കാര ജേതാക്കള്‍ക്കും ആദരിച്ചവര്‍ക്കും നല്‍കി. യുക്​മ ദേശീയ നേതാക്കളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, ടിറ്റോ തോമസ്, കുര്യന്‍ ജോര്‍ജ്, ഡോ. ബിജു പെരിങ്ങത്തറ, ജാക്സണ്‍ തോമസ്, ആന്റണി എബ്രാഹം, ബാബു മങ്കുഴി,  സജീഷ് ടോം, എബ്രാഹം പൊന്നുംപുരയിടം, വിജി കെ.പി, ജയകുമാര്‍ നായര്‍, ദേവലാല്‍ സഹദേവന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.  മൊമൊന്റോ, പ്രശസ്തി പ്രത്രം എന്നിവ വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു.
“യുക്​മ​-അലൈഡ് ആദരസന്ധ്യ 2020” വേദിയില്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിച്ചു. ലണ്ടന്‍ അക്കാദമി ഡയറക്ടര്‍ ജെയ്​സണ്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്​മ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍  കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിയ്ക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ജൂണ്‍ 20ന് നടക്കുവാന്‍ പോകുന്ന  “യുക്​മ കേരളാ പൂരം 2020″ന്റെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനവും “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടന്നു. യുക്​മ ദേശീയ നേതാക്കള്‍ക്കൊപ്പം സാംസ്ക്കാരിക വേദി നേതാക്കളായ  ജേക്കബ് കോയിപ്പള്ളി, സി എ ജോസഫ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്‍” ക്യാപ്റ്റന്‍ തോമസ്കുട്ടി ഫ്രാന്‍സിസ്, ടീം സ്പോണ്‍സര്‍ ലവ് ടു കെയര്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ എവര്‍റോളിങ് ട്രോഫി യുക്​മ നേതൃത്വത്തെ തിരിച്ച് ഏല്പിച്ചു. തുടര്‍ന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ പക്കല്‍ നിന്നും യുക്​മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ് ട്രോഫി ഏറ്റുവാങ്ങി.
അന്താരാഷ്ട്ര തലത്തില്‍ യുക്​മ ആദ്യമായി സംഘടിപ്പിച്ച സാംസ്ക്കാരിക പരിപാടി വന്‍വിജയമായതിന്റെ അഭിമാനത്തിലാണ് യുക്​മ നേതൃത്വം. യുക്​മ നേതാക്കളായ വർഗീസ് ജോൺ, ഷാജി തോമസ്, ഷീജോ വര്‍ഗ്ഗീസ്, നോബി ജോസ്,  ജോണ്‍സണ്‍ യോഹന്നാന്‍, സോണി ജോര്‍ജ്,  തോമസ് മാറാട്ടുകളം, സണ്ണിമോന്‍ മത്തായി, സജീവ് തോമസ്, ജോര്‍ജ് പട്ട്യാലില്‍, ജോമി തറവട്ടത്തില്‍, റെജി നന്തികാട്ട്, വരുണ്‍ ജോണ്‍, ബെന്നി അഗസ്റ്റിന്‍, ലീനുമോള്‍ ചാക്കോ, സോണിയ തോമസ്, ബൈജു തിട്ടാല, സാജന്‍ പടിക്കമ്യാലില്‍, മാത്യു കുരീക്കല്‍, ജിജോ ജോസഫ്, ഭുവനേഷ് പീതാംബരന്‍,  ബിബിരാജ് രവീന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നടാഷ സാം അവതാരികയായി ആദ്യാവസാനം തിളങ്ങി നിന്നു. പരിപാടികള്‍ പൂര്‍ണ്ണമായും ഡീക്കന്‍ ജോയ്​സ് പള്ളിക്കമ്യാലില്‍ ഡയറക്ടറായ മാഗ്നാ വിഷന്‍ ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു. യുക്​മ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ടിന്റെ നേതൃത്വത്തില്‍ രാജേഷ് നടേപ്പള്ളി, ജോ ഐപ്പ്, രഞ്ജുഷ് എന്നിവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. വെല്‍സ് ചാക്കോയുടെ നേതൃത്വത്തില്‍ ഒരുക്കിയ എല്‍.ഇ.ഡി സ്ക്രീനും ശ്രീനാഥിന്റെ ജാസ് സൗണ്ട് ആന്റ് ലൈറ്റ്സിന്റെ ശബ്ദവും വെളിച്ചവും പരിപാടിയുടെ മാറ്റ് കൂട്ടി. യുക്മയുടെ മെഗാ സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ആവൂ മൊബൈൽ(റിങ് ടു ഇന്ത്യ), ട്യൂട്ടർ വേവ്സ്  എന്നീ സ്ഥാപനങ്ങളാണ്   പരിപാടി സ്പോൺസർ ചെയ്തത്.
ദശവത്സരം  പൂർത്തിയാക്കിയ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി  ദേശീയ അന്തർദേശീയ തലങ്ങളിലെ പ്രതിഭകളെയും,   യുക്മ ദേശീയ കലാമേള കലാതിലകത്തെയും  കലാപ്രതിഭയെയും  ആദരിക്കുന്നതിനായി യുക്മ സംഘടിപ്പിച്ച പരിപാടി വൻവിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതിക്കുവേണ്ടി  സെക്രട്ടറി അലക്സ് വർഗീസ്‌ നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനം ബിഷപ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത്, മുഖ്യപ്രഭാഷണം മിനിസ്റ്റര്‍ കോര്‍ഡിനേഷന്‍ മന്‍മീത് സിങ് നാരങ്, വിശിഷ്ടാതിത്ഥി കെ.എസ് പ്രസാദ്, ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവ്; ചരിത്രമെഴുതാനൊരുങ്ങി “യുക്മ-അലൈഡ് ആദരസന്ധ്യ 2020”

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനില്‍ യു കെ മലയാളികള്‍ ചരിത്രരചനക്കായി തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍  “യുക്മ ആദരസന്ധ്യ 2020” യു കെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും, ആദരവ് ഏറ്റ് വാങ്ങുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള  പ്രവാസി മലയാളികളിലെ മഹദ്വ്യക്തിത്വങ്ങളും എത്തിച്ചേരുമെന്ന് ഉറപ്പായതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ ആരംഭിക്കുന്ന “ആദരസന്ധ്യ 2020″യുടെ  ഉദ്ഘാടനം നിര്‍വഹിക്കുന്നത് ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ആയിരിക്കും. ചെംസ്ഫോര്‍ഡ് രൂപതയുടെ ബിഷപ്പായ അദ്ദേഹം എസക്സിലെ ബ്രാഡ്വെല്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ആസ്ഥാനമായ കാന്റര്‍ബറി പ്രോവിന്‍സിന് കീഴില്‍ വരുന്നതാണ് ചെംസ്ഫോര്‍ഡ് രൂപത. ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ അദ്ദേഹം പൂണൈയിലെ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയില്‍ 1995-2001 കാലഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ വൈദികനായിരുന്നു. ഉപരിപഠനാര്‍ത്ഥം ലണ്ടനിലെത്തിയപ്പോഴാണ് അദ്ദേഹം ആംഗ്ലിക്കന്‍ സഭാ അംഗമാകുന്നത്.
മുഖ്യപ്രഭാഷകനായെത്തുന്നത് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേഷനായ മന്‍മീത് സിങ് നാരങ് ഐ.പി.എസ് ആണ്. 1994 മധ്യപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനായ അദ്ദേഹം സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ ജോ.ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി യുക്മ നിലനിര്‍ത്തുന്ന അടുത്ത ബന്ധത്തിന്റെ ഭാഗമായിട്ടാണ് ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനെ പരിപാടിയുടെ മുഖ്യപ്രഭാഷകനായി നിയോഗിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈമ്മീഷണര്‍ ശ്രീമതി രുചി ഘനശ്യാം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകള്‍ മൂലം മിനിസ്റ്റര്‍ കോര്‍ഡിനേഷനെ നിയോഗിക്കുകയായിരുന്നു.
കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്  വിശിഷ്ടാതിഥിയായിരിക്കും. യുക്മ-അലൈഡ് ആദരസന്ധ്യ 2020യ്ക്ക് ഒപ്പമാണ് “കലാഭവന്‍ ലണ്ടന്‍ അക്കാദമി” ക്ക്‌ ആരംഭം കുറിക്കുന്നത്. അതിനായി നാട്ടില്‍ നിന്നും അദ്ദേഹം വെള്ളിയാഴ്ച്ച വൈകിട്ട് എത്തിച്ചേരും.
ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
അഡ്വ. വി.പി.സജീന്ദ്രന്‍ എം.എല്‍.എ ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നു. വിദേശരാജ്യങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട പ്രതിനിധികള്‍ വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ എത്തുന്നതാണ്. “യുക്മ-അലൈഡ് ആദരസന്ധ്യ 2020” യു.കെ മലയാളികള്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് സംഘാടകര്‍. പരിപാടിയുടെ വിജയത്തിനായി ഇവന്റ് ബ്രോഷര്‍ പുറത്തിറക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി, രാത്രി പത്ത് മണി വരെയാക്കി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. “യുക്മ ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി യുക്മയുടെ അംഗ അസോസിയേഷനില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പുറമേ പരിപാടിയുടെ വാര്‍ത്തകളും മറ്റും കണ്ട് എത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്ന ആളുകള്‍ കൂടിയായപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന “ആദരസന്ധ്യ 2020” അധികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി തൊട്ടടുത്തുള്ള ദി ലാറ്റിമെര്‍  ഗ്രാമര്‍ സ്കൂളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കാത്തിരിപ്പിന്റെ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, നാളെ അരങ്ങേറുന്ന “ആദരസന്ധ്യ 2020” യുക്മയുടെ ചരിത്രത്തില്‍ ആദ്യമായായി ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം ആയി മാറുകയാണ്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.
കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍, യാത്രാ സൗകര്യങ്ങളിലെ എളുപ്പം എന്നിവയ്ക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ദി ലാറ്റിമെര്‍ സ്കൂളിനെ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കും. ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഓവര്‍ഫ്ലോ പാര്‍ക്കിംഗിനായി പ്രത്യേക ഗ്രൗണ്ടും സ്കൂളിന്റേതായുണ്ട്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഉച്ചമുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
“ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി അഡ്വ.വി പി സജീന്ദ്രന്‍ എം എല്‍ എ ബ്രിട്ടണിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.
സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. യുക്മ “കേരളാ പൂരം 2020” വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും.
യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ വ്യക്തികളും ചടങ്ങില്‍ ആദരിക്കപ്പെടും.
മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്കാണ്.  യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി. യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.
കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.  രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും.
യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്. നോര്‍ത്ത് ലണ്ടനിലെ ദി ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), ആദരസന്ധ്യ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്ററ്യന്‍ (07702862186), പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് (07841613973), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലിന സജീവ് (07507519459) തുടങ്ങിയവരുമായി ബന്ധപ്പെടേണ്ടതാണ്.
പരിപാടി നടക്കുന്ന വേദിയുടെ അഡ്രസ്സ്:-
The Latymer School, 
Haselbury Road, 
Edmonton, 
London, 
N9 9TN.

യുക്മ “ആദരസന്ധ്യ 2020” അവാർഡുകൾ പ്രഖ്യാപിച്ചു……….. വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം………… ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര്‍ ആദരവ് ഏറ്റുവാങ്ങാനെത്തുന്നു…


സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ &  മീഡിയ കോർഡിനേറ്റർ)
ലണ്ടന്‍:  മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്.  നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന അര്‍ജുന്‍ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ‘ആദരസന്ധ്യ 2020 ‘ ഇവന്‍റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരാണ് ലണ്ടനില്‍ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍:-
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150 )O   ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു കെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്ക്കാരം നല്‍കുന്നതിനൊപ്പം യു കെയില്‍ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.
യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും.
 “ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:- 
St.Ignatius College
Turkey Street
Enfield, London 
EN1 4NP

സാമൂഹ്യ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജ്വാല സെപ്റ്റംബർ ലക്കം പുറത്തിറങ്ങി………. തിരുവോണ പതിപ്പിന് തിലകക്കുറിയായി ഇന്ദ്രൻസിന്റെ പാൽപുഞ്ചിരിയും…

സജീഷ്  ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ കൾച്ചറൽ വിഭാഗമായ യുക്മ സാംസ്ക്കാരികവേദി പുറത്തിറക്കുന്ന “ജ്വാല” ഇ-മാഗസിന്റെ സെപ്റ്റംബർ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടൽകടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവർഗത്തിന്റെയും ചതിയിൽ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുവാൻ പോകുന്നത് നോക്കിനിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കൽ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാർട്ട്മെന്റ്സ് വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി  നന്തികാട്ട് ശക്തമായി ആവശ്യപ്പെടുന്നു.
മലയാള സാഹിത്യകാരന്മാരിൽ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എൻ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ-മാഗസിന്റെ സെപ്‌റ്റംബർ ലക്കത്തിൽ, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവ്വ ദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ്‌ മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദൻ എഴുതിയ ‘എന്തായിരുന്നു? എന്താവണം? നവോത്ഥാനം’ എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.
മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങൾ എഴുതുന്ന രവി മേനോൻ. അദ്ദേഹം എഴുതിയ ‘എന്നിട്ടും  തോൽക്കാതെ ജോൺസൺ’ എന്ന ഓർമ്മക്കുറിപ്പിൽ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ……. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാർട്ടൂൺ പംക്തിയായ  വിദേശവിചാരത്തിൽ പുതിയൊരു വിഷയുമായി ചിത്രകാരൻ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബർ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം
https://issuu.com/jwalaemagazine/docs/september_2019

യുക്മ ദേശീയ കലാമേള 2019 : നഗർ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷകൾ ക്ഷണിക്കുന്നു…….. അവസാന തീയതി സെപ്റ്റംബർ 23 തിങ്കളാഴ്ച…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷകൾ ക്ഷണിക്കുന്നു.
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ  ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി  ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും  അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബർ 23 തിങ്കളാഴ്ചക്ക്  മുൻപായി secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകുന്നതാണ്.
നാദവീചികളും മഞ്ജീരധ്വനികളും കൊണ്ട് മുഖരിതമായ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ  യുക്മ ദേശീയ കലാമേള 2019 നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാകുവാൻ  ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

വള്ളംകളിയുടെ ചെമ്പടതാളം പെയ്തൊഴിയുംമുന്പേ കലയുടെ മാമാങ്കത്തിന് വിളംബരം ഉയരുകയായി……….. യുക്മ ദേശീയ കലാമേള നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പുകൾപെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടിൽ കെങ്കേമമാക്കിയ മൂന്നാമത് “യുക്മ കേരളാപൂരം” വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുൻപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണൽ നേതൃത്വങ്ങൾ വീണ്ടും സജീവമാകുന്നു.
നവംബർ രണ്ട് ശനിയാഴ്ച യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വർഷത്തിൽ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റർ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികൾക്കും, റീജിയണൽ പ്രസിഡന്റ്മാർക്കും റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ അംഗ അസ്സോസ്സിയേഷനുകൾക്ക് അയക്കുവാൻ  കഴിയുംവിധം ഇ-മാനുവൽ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളിൽ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാർത്ഥികളും വിപുലമായ സംഘാടക നിരയും ചേർന്ന് അയ്യായിരത്തോളം മലയാളികൾ ഒത്തുചേരുന്ന  യുക്മ ദേശീയ കലാമേളകൾ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന്   യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭിപ്രായപ്പെട്ടു.
നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, സ്കോട്ട്ലൻഡ്, യോർക്ക്‌ഷെയർ ആൻഡ് ഹംബർ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയിൽസ് എന്നീ ഒൻപത് യുക്മ റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ  വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്.

യുക്മ സാംസ്ക്കാരികവേദിക്ക് നവ സാരഥികൾ – യു കെ മലയാളിസമൂഹത്തിലെ വരും വർഷങ്ങളിലെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ഇവർ നായകത്വം വഹിക്കും…

സജീഷ്  ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ മലയാളികളുടെ സാംസ്ക്കാരിക ചേതനയുടെ സർഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്ക്കാരികവേദിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്ക്കാരികവേദി. യു കെ മലയാളികൾക്കിടയിൽ കലാരംഗത്തും സാംസ്ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രവർത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാൻ ആയുള്ള യുക്മ സാംസ്ക്കാരികവേദിയുടെ വൈസ് ചെയർമാൻ ജോയി ആഗസ്തിയാണ്. ലിവർപൂൾ നിവാസിയായ ജോയി 2015-2017 വർഷങ്ങളിൽ യുക്മ സാംസ്ക്കാരിക സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. യുക്മ സ്റ്റാർസിംഗർ സീസൺ 2 ന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ജോയി.

മുൻവർഷങ്ങളിൽ സാംസ്ക്കാരികവേദിയുടെ ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ആണ് രക്ഷാധികാരി. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണൽ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് ദേശീയ കോർഡിനേറ്ററിന്റെ  ചുമതല നിർവഹിക്കും. തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ ആണ് സാംസ്ക്കാരികവേദി ജനറൽ കൺവീനർമാർ. യുക്മ ദേശീയ കമ്മറ്റി അംഗമായും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറിയായും മികവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് കോൾചെസ്റ്ററിൽനിന്നുള്ള തോമസ് മാറാട്ടുകളം. ജ്വാല ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായും യുക്മ സാംസ്ക്കാരികവേദി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, യു കെ യിലെ അറിയപ്പെടുന്ന ഒരു നാടകനടൻ കൂടിയായ ജെയ്‌സൺ ജോർജ്ജ്.

കൂടുതൽ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്ക്കാരികവേദിയുടെ വിവിധ ഉപസമിതികൾ രൂപീകരിച്ചിരിക്കുന്നത്.  ലോക പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ജ്വാല ഇ-മാഗസിൻ യുക്മ സാംസ്ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തിൽത്തന്നെ “ജ്വാല” ഉപസമിതി പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ അൻപതാം ലക്കം പിന്നിട്ട “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവർത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസും, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി ജോർജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസിൽ എന്നിവരും “ജ്വാല”ക്ക് ശോഭയേകും.
ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കർ, ജോയ്പ്പാൻ, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവർ സാഹിത്യ വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. യുക്മയുടെ സാഹിത്യമത്സരങ്ങൾ കൃത്യതയോടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവർത്തനങ്ങളും സജീവമായ പരിഗണനയിൽ ഉണ്ട്.
ജിജി വിക്റ്റർ, ടോമി തോമസ്, തോമസ് പോൾ, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, ഹരീഷ് പാലാ, സാൻ ജോർജ്ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്ക്കാരികവേദിയുടെ കലാവിഭാഗം സാരഥികൾ. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാർസിംഗർ പരിപാടിയുടെ ചുമതല സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ നിർവഹിക്കും. സ്റ്റാർസിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാർസിംഗർ സീസൺ-4 രൂപകൽപ്പന ചെയ്യപ്പെടുക.
ഡോ. സിബി വേകത്താനം, ബേയ്ബി കുര്യൻ, ജോബി അയത്തിൽ, റോബി മേക്കര, ജിജോമോൻ ജോർജ്ജ്, ബിജു പി മാണി എന്നിവർ നാടകക്കളരിക്ക് നേതൃത്വം നൽകും. തനത് നാടക ശിൽപ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുൻഗണനകളാണ്.
ബിനോ അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, സാം ജോൺ, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സൺ ലോറൻസ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവർ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.
യു കെ മലയാളി സമൂഹത്തിന്റെ കല- സാംസ്ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് യുക്മ സാംസ്ക്കാരിക വേദി പ്രവർത്തനങ്ങൾ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാൻ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്ക്കാരികവേദി നേതൃനിരക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.