പത്താമത് യുക്മ ദേശീയ കലാമേള മാനുവൽ പ്രകാശനം ചെയ്തു………. ഇനിയുള്ള ആറ് ആഴ്ചകൾ അസോസിയേഷനുകളുടെ തീവ്ര പരിശീലത്തിന്റെ കാലം………. പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിക്കുവാൻ റീജിയണുകൾ അരയും തലയും മുറുക്കി രംഗത്ത്…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്‌ദി വർഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാർഗ്ഗരേഖകളുടെ  അടിസ്ഥാനത്തിലാകും പുരോഗമിക്കുക.
പുതുക്കിയ കലാമേള മാനുവൽ റീജിയണുകൾ വഴി അംഗ അസ്സോസിയേഷനുകളിലേക്ക് ഇതിനകം എത്തിച്ചു കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡൻറും ദേശീയ കലാമേള ചെയർമാനുമായ മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോർഡിനേറ്ററുമായ അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. കേരളത്തിന് പുറത്തു നടക്കുന്ന മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന ഖ്യാതി ഇതിനകം നേടി കഴിഞ്ഞിട്ടുണ്ട് യുക്മ ദേശീയ കലാമേളകൾ. നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകൾ, ഒൻപത് റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ മികവുതെളിയിച്ചാണ് ദേശീയ കലാമേളയിൽ എത്തുന്നത്.
കലാകാരന്റെ ക്രീയാത്മകതക്കോ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനോ അതിർവരമ്പുകൾ സൃഷ്ടിക്കാതെ, പ്രായോഗീകത എന്ന ആശയം മുൻനിറുത്തി, യു കെ മലയാളികളുടെ കലാപരമായ കഴിവുകളുടെ വളർച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുക എന്ന യുക്മ കലാമേളകളുടെ പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന വിധമാണ് പരിഷ്‌ക്കരിച്ച കലാമേള മാനുവൽ തയ്യാർ ചെയ്തിരിക്കുന്നതെന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും ദേശീയ കലാമേള ജനറൽ കൺവീനറുമായ സാജൻ സത്യൻ പറഞ്ഞു. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാഡമി സംസ്ഥാന അവാർഡ് ജേതാവും, ശംഖുമുഖം ആർട്ട് മ്യൂസിയം ഡയറക്റ്ററുമായ ഡോ.അജിത്കുമാർ ജി ആണ് കലാമേള 2019 മാനുവൽ  രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ വർഷത്തെ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് jmpsoftware.co.uk.
നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. രാവിലെ പത്തുമണിമുതൽ രാത്രി പത്തുമണിവരെ, അഞ്ചു സ്‌റ്റേജുകളിലായി നടക്കുന്ന മേളയിൽ, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കാലാകാരന്മാരും കലാകാരികളും വേദിയിലെത്തും. മത്സരാർത്ഥികളും കുടുംബാംഗങ്ങളും കാണികളും വിപുലമായ സംഘാടക നിരയുമുൾപ്പെടെ അയ്യായിരത്തോളമാളുകൾ വന്നെത്തുന്ന, ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്ക്കാരിക ഒത്തുകൂടലിനായിരിക്കും  നവംബർ രണ്ടിന് ചരിത്രനഗരമായ മാഞ്ചസ്റ്റർ സാക്ഷ്യംവഹിക്കുക.
യുക്മ ദേശീയ കലാമേള 2019 മാനുവൽ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:-
https://drive.google.com/open?id=1E-2tAJ1CLGn_KJ0CvOz9L_Ch8bVrWIiC
https://issuu.com/kalamela2019/docs/kalamela2019_v4

പത്താമത് യുക്മ ദേശീയ കലാമേള : നഗർ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷകൾ സമർപ്പിക്കുവാൻ മൂന്ന് ദിവസങ്ങൾ കൂടി മാത്രം………….. അവസാന തീയതി സെപ്റ്റംബർ 23 തിങ്കളാഴ്ച…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനുമുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം.
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ  ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി  ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും  അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാം. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബർ 23 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
സംഘടന സ്ഥാപിതമായതിന്റെ പത്താം വാർഷികാഘോഷവേളയിൽ നടക്കുന്ന ദേശീയ കലാമേള എന്ന നിലയിൽ  മാഞ്ചസ്റ്റർ കലാമേള യുക്മയുടെ ചരിത്രത്തിൽ തങ്കലിപികളിൽ തന്നെ എഴുതപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, കലാമേള ദേശീയ ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അഭിപ്രായപ്പെട്ടു.
യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണൽ കലാമേളയുടെ പ്രഖ്യാപനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക.
കലാമേള നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം  നൽകി ആദരിക്കുന്നതാണ്.

സാമൂഹ്യ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജ്വാല സെപ്റ്റംബർ ലക്കം പുറത്തിറങ്ങി………. തിരുവോണ പതിപ്പിന് തിലകക്കുറിയായി ഇന്ദ്രൻസിന്റെ പാൽപുഞ്ചിരിയും…

സജീഷ്  ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ കൾച്ചറൽ വിഭാഗമായ യുക്മ സാംസ്ക്കാരികവേദി പുറത്തിറക്കുന്ന “ജ്വാല” ഇ-മാഗസിന്റെ സെപ്റ്റംബർ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടൽകടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവർഗത്തിന്റെയും ചതിയിൽ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുവാൻ പോകുന്നത് നോക്കിനിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കൽ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാർട്ട്മെന്റ്സ് വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി  നന്തികാട്ട് ശക്തമായി ആവശ്യപ്പെടുന്നു.
മലയാള സാഹിത്യകാരന്മാരിൽ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എൻ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ-മാഗസിന്റെ സെപ്‌റ്റംബർ ലക്കത്തിൽ, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവ്വ ദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ്‌ മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദൻ എഴുതിയ ‘എന്തായിരുന്നു? എന്താവണം? നവോത്ഥാനം’ എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.
മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങൾ എഴുതുന്ന രവി മേനോൻ. അദ്ദേഹം എഴുതിയ ‘എന്നിട്ടും  തോൽക്കാതെ ജോൺസൺ’ എന്ന ഓർമ്മക്കുറിപ്പിൽ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ……. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാർട്ടൂൺ പംക്തിയായ  വിദേശവിചാരത്തിൽ പുതിയൊരു വിഷയുമായി ചിത്രകാരൻ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബർ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം
https://issuu.com/jwalaemagazine/docs/september_2019

യുക്മ ദേശീയ കലാമേള 2019 : നഗർ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷകൾ ക്ഷണിക്കുന്നു…….. അവസാന തീയതി സെപ്റ്റംബർ 23 തിങ്കളാഴ്ച…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷകൾ ക്ഷണിക്കുന്നു.
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ  ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി  ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും  അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബർ 23 തിങ്കളാഴ്ചക്ക്  മുൻപായി secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകുന്നതാണ്.
നാദവീചികളും മഞ്ജീരധ്വനികളും കൊണ്ട് മുഖരിതമായ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ  യുക്മ ദേശീയ കലാമേള 2019 നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാകുവാൻ  ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

ഓണാഘോഷങ്ങളിൽ യു- ഗ്രാൻറ് ലോട്ടറി വിൽപ്പന പൊടിപൂരം………. ബ്രാൻഡ് ന്യൂ കാറും സ്വർണ്ണ സമ്മാനങ്ങളും ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു…….. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രത്യേക ക്യാഷ് അവാർഡ് …

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന യു-ഗ്രാൻറ് സമ്മാന പദ്ധതി 2019 ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായാണ് ഈ വർഷം യു-ഗ്രാൻൻറ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
യുക്മ യു ഗ്രാൻറ് – 2019 ന്റെ ടിക്കറ്റ് വിൽപ്പനക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശീക അസോസിയേഷനുകളുടെ തിരുവോണാഘോഷ പരിപാടികൾ യു-ഗ്രാൻഡ് വിൽപ്പനക്കുള്ള വൻ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. പല അസോസിയേഷനുകളും റാഫിൾ സമ്മാനമായി യു-ഗ്രാൻഡ് ടിക്കറ്റുകൾ നൽകുന്നത് ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു.
കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108  കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ മുഖ്യ ആകർഷണം.  കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ.
യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. ഈ വർഷത്തെ ബ്രാൻഡ് ന്യൂ Peugeot 108  കാർ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാൻ യുക്മ ദേശീയ കലാമേള വരെ കാത്തിരുന്നാൽ മതിയാകും. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ  ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി  പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജിയണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാൻറിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.
യു-ഗ്രാൻറ് ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവിരങ്ങൾക്ക് യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), ദേശീയ ട്രഷറർ അനീഷ് ജോൺ (07916123248), ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് (07723956930) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.  ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്‌.

വള്ളംകളിയുടെ ചെമ്പടതാളം പെയ്തൊഴിയുംമുന്പേ കലയുടെ മാമാങ്കത്തിന് വിളംബരം ഉയരുകയായി……….. യുക്മ ദേശീയ കലാമേള നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പുകൾപെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടിൽ കെങ്കേമമാക്കിയ മൂന്നാമത് “യുക്മ കേരളാപൂരം” വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുൻപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണൽ നേതൃത്വങ്ങൾ വീണ്ടും സജീവമാകുന്നു.
നവംബർ രണ്ട് ശനിയാഴ്ച യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വർഷത്തിൽ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റർ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികൾക്കും, റീജിയണൽ പ്രസിഡന്റ്മാർക്കും റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ അംഗ അസ്സോസ്സിയേഷനുകൾക്ക് അയക്കുവാൻ  കഴിയുംവിധം ഇ-മാനുവൽ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളിൽ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാർത്ഥികളും വിപുലമായ സംഘാടക നിരയും ചേർന്ന് അയ്യായിരത്തോളം മലയാളികൾ ഒത്തുചേരുന്ന  യുക്മ ദേശീയ കലാമേളകൾ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന്   യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭിപ്രായപ്പെട്ടു.
നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, സ്കോട്ട്ലൻഡ്, യോർക്ക്‌ഷെയർ ആൻഡ് ഹംബർ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയിൽസ് എന്നീ ഒൻപത് യുക്മ റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ  വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്.

യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം…

സജീഷ് ടോം (പി.ആർ.ഒ & മീഡിയാ കോഡിനേറ്റർ)
യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന “കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന്  യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍  നടത്തിയ വള്ളംകളി  വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍  32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
“കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ്  “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍  സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ  കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.
ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.
കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍  ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.
കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരാതികള്‍ക്കിടയില്ലാതെ പങ്കെടുക്കാനെത്തിയ 22 ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കിയത്‌ പരിപാടിയ്ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
ടീം ഒന്നിന് 300 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.
ബ്രിട്ടണില്‍ നിന്നുമുള്ള  ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.
വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:
ജയകുമാര്‍ നായര്‍:07403 223066
ജേക്കബ് കോയിപ്പള്ളി:07402 935193
“കേരളാ പൂരം 2019”:- കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് പിള്ള (പ്രസിഡന്റ്) :  07960357679,
അലക്സ്  വര്‍ഗ്ഗീസ് (സെക്രട്ടറി) : 07985641921 എന്നിവരെ ബന്ധപ്പെടേണ്ടതാണ്

യുക്മ സാംസ്ക്കാരികവേദിക്ക് നവ സാരഥികൾ – യു കെ മലയാളിസമൂഹത്തിലെ വരും വർഷങ്ങളിലെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ഇവർ നായകത്വം വഹിക്കും…

സജീഷ്  ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ മലയാളികളുടെ സാംസ്ക്കാരിക ചേതനയുടെ സർഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്ക്കാരികവേദിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്ക്കാരികവേദി. യു കെ മലയാളികൾക്കിടയിൽ കലാരംഗത്തും സാംസ്ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രവർത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാൻ ആയുള്ള യുക്മ സാംസ്ക്കാരികവേദിയുടെ വൈസ് ചെയർമാൻ ജോയി ആഗസ്തിയാണ്. ലിവർപൂൾ നിവാസിയായ ജോയി 2015-2017 വർഷങ്ങളിൽ യുക്മ സാംസ്ക്കാരിക സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. യുക്മ സ്റ്റാർസിംഗർ സീസൺ 2 ന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ജോയി.

മുൻവർഷങ്ങളിൽ സാംസ്ക്കാരികവേദിയുടെ ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ആണ് രക്ഷാധികാരി. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണൽ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് ദേശീയ കോർഡിനേറ്ററിന്റെ  ചുമതല നിർവഹിക്കും. തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ ആണ് സാംസ്ക്കാരികവേദി ജനറൽ കൺവീനർമാർ. യുക്മ ദേശീയ കമ്മറ്റി അംഗമായും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറിയായും മികവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് കോൾചെസ്റ്ററിൽനിന്നുള്ള തോമസ് മാറാട്ടുകളം. ജ്വാല ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായും യുക്മ സാംസ്ക്കാരികവേദി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, യു കെ യിലെ അറിയപ്പെടുന്ന ഒരു നാടകനടൻ കൂടിയായ ജെയ്‌സൺ ജോർജ്ജ്.

കൂടുതൽ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്ക്കാരികവേദിയുടെ വിവിധ ഉപസമിതികൾ രൂപീകരിച്ചിരിക്കുന്നത്.  ലോക പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ജ്വാല ഇ-മാഗസിൻ യുക്മ സാംസ്ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തിൽത്തന്നെ “ജ്വാല” ഉപസമിതി പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ അൻപതാം ലക്കം പിന്നിട്ട “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവർത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസും, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി ജോർജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസിൽ എന്നിവരും “ജ്വാല”ക്ക് ശോഭയേകും.
ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കർ, ജോയ്പ്പാൻ, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവർ സാഹിത്യ വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. യുക്മയുടെ സാഹിത്യമത്സരങ്ങൾ കൃത്യതയോടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവർത്തനങ്ങളും സജീവമായ പരിഗണനയിൽ ഉണ്ട്.
ജിജി വിക്റ്റർ, ടോമി തോമസ്, തോമസ് പോൾ, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, ഹരീഷ് പാലാ, സാൻ ജോർജ്ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്ക്കാരികവേദിയുടെ കലാവിഭാഗം സാരഥികൾ. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാർസിംഗർ പരിപാടിയുടെ ചുമതല സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ നിർവഹിക്കും. സ്റ്റാർസിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാർസിംഗർ സീസൺ-4 രൂപകൽപ്പന ചെയ്യപ്പെടുക.
ഡോ. സിബി വേകത്താനം, ബേയ്ബി കുര്യൻ, ജോബി അയത്തിൽ, റോബി മേക്കര, ജിജോമോൻ ജോർജ്ജ്, ബിജു പി മാണി എന്നിവർ നാടകക്കളരിക്ക് നേതൃത്വം നൽകും. തനത് നാടക ശിൽപ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുൻഗണനകളാണ്.
ബിനോ അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, സാം ജോൺ, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സൺ ലോറൻസ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവർ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.
യു കെ മലയാളി സമൂഹത്തിന്റെ കല- സാംസ്ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് യുക്മ സാംസ്ക്കാരിക വേദി പ്രവർത്തനങ്ങൾ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാൻ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്ക്കാരികവേദി നേതൃനിരക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.

ദശാബ്ദിയുടെ നിറവിൽ മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കായികമേള ചാമ്പ്യന്മാർ……… ആതിഥേയരായ കേരളാ ക്ലബ് നനീറ്റൺ അസോസിയേഷൻ വിഭാഗത്തിൽ ജേതാക്കൾ…

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ കരുത്തരായ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണർഅപ്പ്. മേളയിലെ കറുത്ത കുതിരകളായ യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ മൂന്നാം സ്ഥാനം നേടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കായിക പ്രതിഭകൾ അണിനിരന്ന മാർ പാസ്റ്റിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ദേശീയ കായികമേള വ്യക്തിഗത ചാമ്പ്യൻ കൂടിയായ യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സെലീനാ സജീവ് യുക്മ പതാകയേന്തി. യുക്മ ദേശീയ – റീജിയണൽ ഭാരവാഹികളും കായികതാരങ്ങളോടൊപ്പം മാർച്ച്പാസ്റ്റിൽ അണിചേർന്നു.

തുടർന്ന് ആരംഭിച്ച കായിക മത്സരങ്ങൾക്ക് മുൻ ഇൻഡ്യൻ കായിക താരം ഇഗ്നേഷ്യസ് പെട്ടയിൽ നേതൃത്വം കൊടുത്തു. ഇടവേളകളില്ലാതെ ഒരേസമയം ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആവേശത്തോടെ നടന്നു. കായിക താരങ്ങളെല്ലാം വലിയ ഉത്സാഹത്തോടും ആവേശത്തോടെയുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പ്രത്യേകിച്ച് വനിതകളുടെയും കുട്ടികളുടെയും വിഭാഗങ്ങളിൽ പ്രായഭേദമെന്യേ വലിയ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്.

യുക്മ സ്ഥാപിതമായിട്ട് പത്തുവർഷം തികയുന്നതിന്റെ ആവേശം പ്രകടമായ ദേശീയ മേളയിൽ അസോസിയേഷനുകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ കേരളാ ക്ലബ്ബ് നനീറ്റൺ ചാമ്പ്യന്മാരായി. വിൽഷെയർ മലയാളി അസോസിയേഷൻ രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. ബർമിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വ്യക്തിഗത ചാമ്പ്യൻപട്ടത്തിന് വേണ്ടി നടന്ന വാശിയേറിയ മത്സരം ദേശീയ കായികമേളയുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു. എർഡിങ്ങ്ടൺ മലയാളി അസോസിഷേനിൽ നിന്നുമുള്ള ഇഗ്നേഷ്യസ് പെട്ടയിലും, ബി സി എം സി യിലെ എൽസി ജോയിയും സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യന്മാരായി. ബോൾട്ടൻ മലയാളി അസോസിയേഷനിലെ ജോഷി വർക്കിയും സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിലെ സ്മിതാ തോട്ടവും സീനിയർ അഡൽട്ട് വിഭാഗത്തിലും, എഡിംഗ്ടൺ മലയാളി അസോസിയേഷനിലെ മെൽവിൻ ജോസും സ്കന്തോപ്പ് മലയാളി അസോസിയേഷനിലെ അമ്പിളി മാത്യൂസും അഡൽട്ട് വിഭാഗത്തിലും ചാമ്പ്യന്മാരായി.

ബെർമിംങ്ഹാം കേരളാ വേദിയിൽ നിന്നുമുള്ള ചാൻസെൽ സിറിയക്കും വിൽഷെയർ മലയാളി അസോസിയേഷനിലെ എൽസാ മരിയാ ടോമുമാണ് സീനിയർ വിഭാഗം ചാമ്പ്യന്മാർ. ജൂനിയർ വിഭാഗത്തിൽ കേരളാ ക്ലബ്ബ് നനീറ്റണിലെ ഡാനി ഡാനിയേൽ വിൽഷെയർ മലയാളി അസോസിയേഷനിലെ എസ്തർ ഐസക്ക്, സബ് ജൂനിയർ വിഭാഗത്തിൽ വിൽഷെയർ മലയാളി അസോസിയേഷനിലെ മാർക്ക് പ്രിൻസ്, സട്ടൻ കോൾഡ് ഫീൽഡ് മലയാളി അസോസിയേഷനിലെ അന്ന ജോസഫ്, കിഡ്സ് വിഭാഗത്തിൽ കേരളാ ക്ലബ്ബ് നനീറ്റണിലെ ജെറോൻ ജിറ്റോ, ബി സി എം സി യിലെ അനബെൽ ബിജു എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ചിട്ടയായും സമയ കൃത്യതയിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് യുക്മ നാഷണൽ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കായികമേള കൺവീനർ ടിറ്റോ തോമസ്, ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റുമാരായ അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, മുൻ ദേശീയ പ്രസിഡന്റുമാരായ വർഗ്ഗീസ് ജോൺ, കെ പി വിജി തുടങ്ങിയവരും, യുക്മ ദേശീയ-റീജിയണൽ നേതാക്കളായ ബീനാ സെൻസ്, ജയകുമാർ നായർ , അഡ്വ.ജാക്സൻ തോമസ്, ബെന്നി പോൾ, ആൻറണി എബ്രഹാം, നോബി ജോസ്, സജിൻ രവീന്ദ്രൻ, വർഗ്ഗീസ് ചെറിയാൻ, സോബിൻ ജോൺ, വീണാ പ്രശാന്ത്, സ്മിതാ തോട്ടം, ലീനുമോൾ ചാക്കോ, ബാബു സെബാസ്റ്യൻ, ജോൺസൻ യോഹന്നൻ, സിബു ജോസഫ്, പോൾസൺ മാത്യു, സെൻസ് ജോസ്, ജോബി അയ്ത്തിൽ, സുരേഷ് കുമാർ, സജീവ് സെബാസ്റ്റ്യൻ, ബിൻസ് ജോർജ്, സാജൻ കരുണാകരൻ തുടങ്ങിയവരും നേതൃത്വം നൽകി.

തോമസ് മാറാട്ടുകുളം, സുരേന്ദ്രൻ ആരക്കോട്ട്, അലക്സ് വർഗീസ്, സുനിൽ രാജൻ എന്നിവരായിരുന്നു ഓഫീസ് നിർവഹണത്തിന് ചുക്കാൻ പിടിച്ചത്. നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളുടെ പങ്കാളിത്തവും, യു കെ യിലെ ചരിത്ര പ്രസിദ്ധമായ നനീട്ടൺ പിംഗിൾസ് സ്റ്റേഡിയത്തിൽ നടന്ന ദേശീയ മേളക്ക് കൊഴുപ്പേകി. ദശാബ്ദിയുടെ നിറവിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ കായികമേള വൻവിജയമാക്കിയതിന് പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും യുക്മ ദേശീയ നിർവാഹക നന്ദി രേഖപ്പെടുത്തി.

പ്രവാസി സാംസ്ക്കാരിക ലോകത്തിന് യുക്മയുടെ കയ്യൊപ്പുചാർത്തിയ “ജ്വാല” ഇ-മാഗസിൻ പുത്തൻ സാരഥ്യത്തിന്റെ നിറവിൽ : റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും…

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന  ജനപ്രിയ ഇ – മാഗസിനായ “ജ്വാല” യുടെ പുതിയ എഡിറ്റോറിയൽ ബോർഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവർത്തനത്തിന്റെ അംഗീകാരമായി ചീഫ്‌ എഡിറ്ററായി റെജി നന്തികാട്ട് തുടരുമെന്ന് എഡിറ്റോറിയൽ ബോർഡിനെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മാനേജിംഗ് എഡിറ്ററായും ജോർജ്ജ് അരങ്ങാശ്ശേരി, റോയ് സി ജെ, മോനി ഷിജോ, നിമിഷ ബേസിൽ എന്നിവർ അംഗങ്ങളുമായുള്ള സമിതി ആയിരിക്കും 2019 – 2021 വർഷങ്ങളിലെ “ജ്വാല” യുടെ സാരഥികൾ.
2014 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച “ജ്വാല” കഴിഞ്ഞ നാലര വർഷങ്ങൾ കൊണ്ട് യു കെ യുടെ അതിർത്തികൾ കടന്ന് ലോക പ്രവാസി മലയാളികൾക്ക് ആകെ പ്രിയങ്കരമായി തീർന്നു കഴിഞ്ഞു. ഈ കാലയളവിൽ അൻപത് പതിപ്പുകൾ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. 2015-19 കാലയളവിലെ ജ്വാല ചീഫ്‌ എഡിറ്റർ ആയി പ്രവർത്തിച്ചുകൊണ്ട്, നാല്പത്തിമൂന്ന്‌ പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത് റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തു നിരവധി വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള റെജിയുടെ നേതൃത്വം “ജ്വാല”യെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ്‌ ആഗ്ലിയ റീജിയണൽ പി ആർ ഒ കൂടിയാണു റെജി നന്തികാട്ട്.
യുക്മന്യൂസിന്റെ അസ്സോസിയേറ്റ് എഡിറ്ററായി തുടർച്ചയായ നാല് വർഷങ്ങൾ പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ജ്വാല ഇ-മാഗസിൻ മാനേജിംഗ് എഡിറ്റർ പദത്തിലേക്കെത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ യുക്മ ദേശീയ ട്രഷറർ ആയി പ്രവർത്തിച്ചിരുന്ന അലക്സ് യുക്മയുടെ കഴിഞ്ഞ വർഷത്തെ പ്രൈം ഇവന്റ് ആയ യുക്മ ഫാമിലി ഫെസ്റ്റിന്റെ വിജയ ശില്പി എന്ന നിലയിൽ ഏറെ ശ്രദ്ധേയനായ വ്യക്തികൂടിയാണ്.
യു കെ യിലെ മലയാളി എഴുത്തുകാരിൽ വേറിട്ട രചനാ ശൈലിയിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയ ജോർജ്ജ് അറങ്ങാശ്ശേരി സ്കോട്ട്ലൻഡിലെ അബർഡീനിൽ താമസിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരങ്ങളിൽ സ്ഥിരമായി കഥകളും കവിതകളും എഴുതാറുള്ള ജോർജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്വാല ഇ-മാഗസിന്റെ കഴിഞ്ഞ എഡിറ്റോറിയൽ ബോർഡിലും ഇദ്ദേഹം അംഗമായിരുന്നു.
കേംബ്രിഡ്ജിനടുത്തുള്ള പാപ്‌വർത്തിൽ താമസിക്കുന്ന പാലാ സ്വദേശിയായ  റോയ് സി ജെ  കേരളത്തിൽ ചിത്രകലാ അധ്യാപകനായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകളും ചിത്രങ്ങളും ചിത്രകഥകളും വരച്ചുകൊണ്ടാണ് വരയുടെ ലോകത്തേക്കു കടന്നുവന്നത്. കേരളത്തിലെ   അധ്യാപകർക്ക് വേണ്ടി നടത്തിയ സാഹിത്യമത്സരങ്ങളിൽ മൂന്ന് പ്രാവശ്യം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ തനതായ ശൈലിയിൽ റോയ് പങ്കുവക്കുന്ന കാർട്ടൂണുകൾ ഏറെ പ്രശംസ പിടിച്ചുപറ്റുന്നവയാണ്.
യു കെ മലയാളികൾക്കിടയിൽ മലയാളിത്തമുള്ള നല്ലൊരു അവതാരകയായി അറിയപ്പെടുന്ന മോനി ഷിജോ  ബർമിംഗ്ഹാമിലെ എർഡിങ്ങ്ടണിൽ ആണ് താമസിക്കുന്നത്. യുക്മ നേഴ്‌സസ് ഫോറം മുൻ ദേശീയ ജോയിന്റ് സെക്രട്ടറികൂടിയായ മോനി രചിച്ചിട്ടുള്ള ഹൈന്ദവ- ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ വളരെയധികം അനുവാചക ശ്രദ്ധ നേടിയവ ആയിരുന്നു. ഏറെ ചർച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള നിരവധി കവിതകളും സോഷ്യൽ മീഡിയകളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന കെന്റിനടുത്തുള്ള ടൺബ്രിഡ്ജിൽ നിന്നുള്ള നിമിഷ ബേസിൽ മനോഹരമായ കവിതകൾ രചിക്കുന്നതുപോലെതന്നെ നന്നായി കവിത ചൊല്ലുന്നതിലും മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ്. യുക്മ സാംസ്ക്കാരികവേദിയുടെ സാഹിത്യ മത്സരങ്ങളിലും ലണ്ടൻ സാഹിത്യവേദി സംഘടിപ്പിച്ചിട്ടുള്ള മത്സരങ്ങളിലും കവിതാരചനയിൽ നിരവധി തവണ സമ്മാനാർഹ ആയിട്ടുണ്ട് നിമിഷ.

യു കെ യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും തൂലികയിൽ നിന്നും ഉരുത്തിരിയുന്ന രചനകൾ വായനക്കാരിൽ എത്തിക്കുക എന്നതിനൊപ്പം, ലോക മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകൾ വായനക്കാർക്ക് പരിചയപ്പെടുത്തുവാനും “ജ്വാല” പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകൾക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികൾക്ക് അക്ഷര വിരുന്നൊരുക്കാൻ  റെജി നന്തിക്കാട്ടിന്റെ മേൽനോട്ടത്തിലുള്ള എഡിറ്റോറിയൽ ബോർഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിർവാഹക സമിതി ആശംസിച്ചു. “ജ്വാല”യുടെ അൻപത്തിയൊന്നാം ലക്കം മെയ് പതിനഞ്ചാം തീയതി പ്രകാശനം ചെയ്യപ്പെടും. തുടർന്നുള്ള ലക്കങ്ങളും എല്ലാ മാസവും പതിനഞ്ചാം തീയതി തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്.