12-ാമത് യുക്മ ദേശീയ കലാമേള – 2021 വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഡിസംബറിൽ; ലോഗോ രൂപകല്പപനക്കും “നഗർ ” നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു….

 

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
 
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള കഴിഞ്ഞ വർഷത്തേതുപോലെ വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഡിസംബറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം കൂടുതലായ പ്രത്യേക സാഹചര്യത്തിൽ, ഈ വർഷവും റീജിയണൽ തല കലാമേളകൾ ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ  ലോഗോകൾ രൂപകൽപ്പന ചെയ്യുവാനും, വെർച്യുൽ പ്ലാറ്റ്‌ഫോമിന് (കലാമേള നഗർ) അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകൾ ക്ഷണിക്കുന്നു.
ഭാരതീയ സാഹിത്യ – സാംസ്ക്കാരിക വിഹായസ്സിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും, സംഗീത കുലപതികളായ  ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി  ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും, തെന്നിന്ത്യൻ ചലച്ചിത്ര വിസ്മയം ശ്രീദേവി, സർവ്വകലാവല്ലഭനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യൻ എന്നിവർ  അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
നവംബർ ഏഴ് ഞായറാഴ്ച വരെ  secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.     
നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്  പുരസ്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും  പുരസ്കാരം നൽകുന്നതാണ്.
നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീർക്കുന്ന യുക്മ കലാമേളകൾ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകൾ ആയിരുന്നു. അതിന്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോർന്നു പോകാത്ത വിധം വെർച്യുൽ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയും വൻ വിജയമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭ്യർത്ഥിച്ചു.

യുക്മ സംഘടിപ്പിച്ച പ്രഥമ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി…രാഗ നാട്യ വിസ്മയങ്ങൾ പൂത്തുലഞ്ഞ് ഓണവസന്തം 2021….

കുര്യൻ ജോർജ്

(ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ)
രാഗ നാട്യ വിസ്മയ പുഷ്പങ്ങൾ പൂത്തുലഞ്ഞ് , പ്രേക്ഷക മനസ്സുകളിൽ ഓണാരവങ്ങൾ തീർത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം – 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂർ നീണ്ട് നിന്ന കലാപരിപാടികൾ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് ചാനലിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്.
യുക്മയും മനോരമയും ചേർന്നൊരുക്കിയ ഓണവസന്തം സെപ്റ്റംബർ 26 ഞായർ 2 PM ന് ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യു കെ മലയാളികളുടെ കലാ സംസ്കാരിക മേഖലകളിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിച്ച മന്ത്രി ഓക്സ്ഫോർഡിൽ വെച്ച് നടന്ന കേരള പൂരം വള്ളംകളിയിൽ പങ്കെടുത്ത കാര്യവും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കുകയും യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോർഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ യുവഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ എന്നിവരോടൊപ്പം പുതു തലമുറയിലെ അതുല്യ പ്രതിഭ ശ്രേയക്കുട്ടിയും (ശ്രേയ ജയദീപ്) ചേർന്നപ്പോൾ പ്രേക്ഷക മനസ്സുകളിൽ പെയ്തിറങ്ങിയത് അതി മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ്. സംഗീതാസ്വാദകർ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട ഗായകർ ഷോയിൽ അവതരിപ്പിച്ചു.
മഞ്ജു സുനിലും നേത്ര വിവേകും ചേർന്നവതരിപ്പിച്ച അതി മനോഹരമായ വെൽക്കം ഡാൻസോടെ തുടക്കം കുറിച്ച ഓണവസന്തത്തിൽ തുടർന്നെത്തിയത് ഗ്ളോസ്റ്റർഷെയർ മലയാളി അസ്സോസ്സിയേഷനിലെ അറുപതിലേറെ കലാകാരികൾ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു. ബിന്ദു സോമൻ കോറിയോഗ്രാഫിയും കോർഡിനേഷനും നിർവ്വഹിച്ച മെഗാ തിരുവാതിര ഷോയിലെ ഏറെ ആകർഷണീയമായ പരിപാടികളിൽ ഒന്നായിരുന്നു. ഷീജോ വർഗ്ഗീസിന്റെ നേതൃത്വത്തിൽ റിഥം ഓഫ് വാറിംഗ്ടൺ അവതരിപ്പിച്ച ചെണ്ടമേളം ഓണവസന്തത്തിന് ഉത്സവ ശോഭയേകി.
“ഉത്രാട പൂവിളിയിൽ ” എന്ന ഗാനവുമായ് വിധു പ്രതാപ് ഷോയിലേക്കെത്തിയപ്പോൾ അതേ ഗാനം തന്നെ ഹൃദ്യമായി ആലപിച്ചെത്തിയ ബെഡ്ഫോർഡിൽ നിന്നുള്ള ഡെന്ന ആൻ ജോമോൻ പ്രേക്ഷകരുടെ കയ്യടികൾ ഏറ്റ് വാങ്ങി. കേരളീയ സാംസ്കാരിക തനിമയുടെ നേർരൂപമായി വേദിയിലെത്തിയ ഫ്യൂഷൻ ഫിയസ്റ്റ എന്ന നൃത്ത രൂപം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒന്നായിരുന്നു. കലാഭവൻ നൈസിന്റെ ശിക്ഷണത്തിൽ EYCO ഹൾ അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഫിയസ്റ്റയെ തുടർന്ന് “നീ മുകിലോ” എന്ന സൂപ്പർ ഹിറ്റ് ഗാനം സിത്താര അതീവ ഹൃദ്യമായി ആലപിച്ചു.
മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ  ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ സമ്മാനിച്ച്,  ഇരുപത്തഞ്ച് വർഷങ്ങളിലേറെയായി പ്രവർത്തിക്കുന്ന എം. ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സ്പെഷ്യൽ സെഗ്മെന്റ് ഷോയിലെ ഏറെ ആകർഷണീയമായ ഒന്നായിരുന്നു.
ബർമിംഗ്ഹാമിൽ നിന്നുള്ള സൈറ മരിയ ജിജോ “കാറ്റ്റ് വെളിയിട കണ്ണമ്മ” എന്ന സെമി ക്ളാസ്സിക്കൽ ഗാനം പാടി കേൾവിക്കാരുടെ മനസ്സിൽ സംഗീതത്തിന്റെ അലയൊലികൾ തീർത്തപ്പോൾ “ചാഞ്ചാടി ആടി ഉറങ്ങ് നീ” ശ്രുതി മധുരമായ് പാടി ശ്രേയക്കുട്ടി തന്റെ ആരാധകരെ കയ്യിലെടുത്തു. “തെക്കിനി കോലായ ചുമരിൽ” എന്ന പ്രശസ്തമായ ഗാനം  ഏറെ മനോഹരമായി പാടിയെത്തിയ, ലണ്ടനിൽ നിന്നുള്ള ദൃഷ്ടി പ്രവീണിനൊപ്പം പാട്ടിന്റെ ദൃശ്യാവിഷ്കാരവുമായി എത്തിയ ശ്രദ്ധ വിവേക് ഉണ്ണിത്താനും പ്രേക്ഷക പ്രശംസകൾ ഏറ്റ് വാങ്ങി. “ഓ മാമ മാമ ചന്ദമാമ” എന്ന അടിപൊളി ഗാനവുമായെത്തി, കേംബ്രിഡ്ജിൽ നിന്നുള്ള ടെസ്സ ജോൺ പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ “നിലാവേ നിലാവേ” എന്ന മെലഡി അതീവ ഹൃദ്യമായി പാടിയ ലൂട്ടനിൽ നിന്നുള്ള ആനി അലോഷ്യസ് വേറിട്ടൊരനുഭവമായി. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിൽ ഒന്നായ “പാട്ടിൽ ഈ പാട്ടിൽ”  പാടിയ ലണ്ടനിൽ നിന്നുള്ള ലക്ഷ്മി രാജേഷ് തന്റെ ശ്രുതി ശുദ്ധമായ ആലാപന മികവ് വീണ്ടും തെളിയിച്ചു.
ടോണി അലോഷ്യസ്, ആനി അലോഷ്യസ് സഹോദരങ്ങളുടെ ബാഹുബലി തീം ബോളിവുഡ് ഡാൻസ് അരങ്ങിൽ ആവേശം നിറച്ച ഒന്നായിരുന്നു. സംഗീതവും നൃത്തവും ഒക്കെയായി. യുകെയിലെ നൂറ് കണക്കിന് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ സഹോദരങ്ങൾ ആദ്യമായാണ് ഒരുമിച്ചൊരു നൃത്തം ചെയ്യുന്നത്. “മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്” പാടിയെത്തി വാൽസാളിലെ അലീന സെബാസ്റ്റ്യൻ ആസ്വാദക ശ്രദ്ധ ആകർഷിച്ചു. “ഓ തിങ്കൾ പക്ഷി” എന്ന ഗാനമാലപിച്ച് ലിങ്കണിൽ നിന്നുള്ള നെൽസൺ ബൈജു പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആസ്വാദകർ നിറഞ്ഞ കയ്യടികളോടെ ഏറ്റ് വാങ്ങിയ ഓണവസന്തം ഷോയുടെ അവസാനത്തെ പരിപാടി കലാശക്കൊട്ടായി അവതരിപ്പിച്ചത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഏറെ മനോഹരമായ ഉപകരണ സംഗീതമായിരുന്നു.
മനോരമയുടെ ജനറൽ മാനേജർ (മാർക്കറ്റിംഗ്) ബി. ബാലഗോപാലിനും ഷോയിൽ സെലിബ്രിറ്റി ഗായകരായെത്തിയ വിധു പ്രതാപിനും സിത്താരയ്ക്കും ശ്രേയക്കുട്ടിക്കും യുക്മയുടെ സ്നേഹോപഹാരം യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ കൈമാറി. കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ അഡ്വ. എബി സെബാസ്റ്റ്യനോടൊപ്പം യുക്മ പി ആർ ഒ യും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, മുൻ ദേശീയ ജനറൽ സെക്രട്ടറി അബ്രാഹം ലൂക്കോസ്, RCN ലണ്ടൻ ബോർഡ്‌ മെമ്പർ അബ്രാഹം പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ ബെന്നി അഗസ്റ്റിൻ, യുക്മ ജനറൽ കൗൺസിൽ അംഗം സജീവ് തോമസ് എന്നിവർ പങ്കെടുത്തു.
കൊച്ചി റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ മഞ്ജു അവതാരികയുടെ റോൾ വളരെ ഭംഗിയായി നിർവ്വഹിച്ചു.
യുക്മയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ വർണ്ണാഭമായി അണിയിച്ചൊരുക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിപാടിയിൽ പങ്കെടുത്ത കലാ പ്രതിഭകളും, യുക്മ കുടുംബാംഗങ്ങളോടൊപ്പം, യുക്മ നേതൃത്വവും.
യുക്മ ഓണവസന്തം – 2021 പരിപാടി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:-
https://youtu.be/BVaIGIy2nLo

യു.കെയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറന്റെൻ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് യുക്മ; പ്രധാനമന്ത്രിയ്ക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചു….

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യു കെ യിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഗവൺമെന്റ് പുതുതായി ഏർപ്പെടുത്തിയ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ശ്രീ.എസ്സ്. ജയശങ്കർ, ആരോഗ്യ മന്ത്രി ശ്രീ. മൻസൂഖ് മാൻഡവിയ എന്നിവർ ഉൾപ്പടെയുള്ള ഉന്നതാധികാരികൾക്ക് നിവേദനം സമർപ്പിച്ചു.
2020 മാർച്ചിൽ തുടങ്ങിയ ലോക് ഡൌണും യാത്രാ നിയന്ത്രണങ്ങളും കാരണം നാട്ടിൽ പോകുവാൻ കഴിയാതെ പോയ മലയാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ ഒക്ടോബറിലെ സ്കൂൾ  അവധിക്കാലം മുതൽ നാട്ടിൽ പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരവേയാണ് ഇടിത്തീ പോലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ വരുന്നത്. ടിക്കറ്റെടുത്തവരിൽ പലരും നാട്ടിൽ വരുന്നത് രണ്ടോ മൂന്നോ ആഴ്ചത്തേയ്ക്കാണെന്നും, നിയന്ത്രണങ്ങൾ മാറ്റിയില്ലെങ്കിൽ  ഭൂരിഭാഗം ആളുകൾക്കും യാത്ര റദ്ദാക്കേണ്ടി വരുന്ന സാഹചര്യമാണെന്നും യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 17 മാസങ്ങളായി തുടർന്നിരുന്ന ലോക് ഡൌണും കോവിഡ് വ്യാപനം മൂലമുള്ള യാത്രാ നിയന്ത്രണങ്ങളും കാരണം
നാട്ടിലുള്ള മാതാപിതാക്കളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒക്കെ കാണുവാനുള്ള യുകെയിലെ പ്രവാസികളുടെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് പുതിയ നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയത്. പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ എത്രയും പെട്ടെന്ന് ഇളവുകൾ അനുവദിച്ച് യു കെ യിലുള്ള ഇന്ത്യക്കാരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് യുക്മ നേതൃത്വം നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
പുതുക്കിയ യാത്രാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന് ഇപ്പോൾ നാട്ടിലുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനെ യുക്മ ദേശീയ നേതൃത്വം ചുമതലപ്പെടുത്തി.
യു കെ യിൽ ജോലിക്കായും ഉപരിപഠനത്തിനായും എത്തിയിരിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും അവ പരിഹരിക്കാനുള്ള സജീവ നടപടികൾ സ്വീകരിക്കുന്നതിനും യുക്മ ദേശീയ നേതൃത്വവും, റീജിയണൽ കമ്മിറ്റികളും അംഗ അസ്സോസ്സിയേഷനുകളുമായി ചേർന്ന് മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്നതായി യുക്മ നേതൃത്വം അറിയിച്ചു.

പൂവിളികളും പൂപ്പൊലികളുമായി യുക്മ – മനോരമ “ഓണവസന്തം 2021” ഇന്ന് രണ്ടുമണിക്ക് ലൈവായി മനോരമ യുട്യൂബ് ചാനലിലും യുക്മ ഫേസ്ബുക്ക് പേജിലും……ആഘോഷിക്കൂ യുക്മയോടൊപ്പം…..

കുര്യൻ ജോർജ്ജ്
(ഓണവസന്തം യു കെ ഇവന്റ് ഓർഗനൈസർ)
യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന “ഓണവസന്തം 2021” ന് ഇന്ന് 2 P M ന് തിരശ്ശീല ഉയരുന്നു.  സ്നേഹവും സന്തോഷവും നന്മയും സമാധാനവും നിറഞ്ഞു നിന്ന ഒരു ഗതകാലത്തിന്റെ ഓർമ്മ പുതുക്കുന്ന  ഓണാഘോഷ പരിപാടി  “ഓണവസന്തം 2021” ഇന്ന് ഉച്ച കഴിഞ്ഞ് 2 PM ന് (ഇന്ത്യൻ സമയം 6.30 PM)  ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കും.  യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോർഡിനേറ്ററുമായ അഡ്വ: എബി സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും.
മനോരമ യുട്യൂബ് ചാനലിലൂടെയും യുക്മ ഫേസ്ബുക്ക് പേജിലൂടെയും “ഓണവസന്തം 2021” ഇന്ന് 2 PM (ഇന്ത്യ 6.30 PM) മുതൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, ഒരു പിടി നല്ല ഗാനങ്ങളുമായി മലയാള ചലച്ചിത്ര സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, മലയാളികളുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി (ശ്രേയ ജയദീപ്) എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.
മഞ്ജു സുനിൽ – നേത്ര വിവേക് ടീം അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ്, ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷന്റെ മെഗാ തിരുവാതിര, EYCO ഹൾ അവതരിപ്പിക്കുന്ന നൃത്തരൂപം ഫ്യൂഷൻ ഫിയസ്റ്റ, റിഥം ഓഫ് വാറിംഗ്ടൺ ഒരുക്കുന്ന ചെണ്ടമേളം, യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഓർക്കസ്ട്ര, ആനി അലോഷ്യസ് – ടോണി അലോഷ്യസ് ടീമിന്റെ ബോളിവുഡ് ഡാൻസ്
എന്നിവയോടൊപ്പം അലീന സെബാസ്റ്റ്യൻ, ആനി അലോഷ്യസ്, ഡെന്ന ആൻ ജോമോൻ, ദൃഷ്ടി പ്രവീൺ – ശ്രദ്ധ വിവേക് ഉണ്ണിത്താൻ, ലക്ഷമി രാജേഷ്, നെൽസൺ ബൈജു, സൈറ മരിയ ജിജോ, ടെസ്സ സൂസൻ ജോൺ എന്നീ ഗായകരും  ഓണവസന്തം 2021 ന് മാറ്റ് കൂട്ടുവാനെത്തുകയാണ്.
സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള (പ്രസിഡന്റ്), അലക്സ് വർഗ്ഗീസ് (ജനറൽ സെക്രട്ടറി), അനീഷ് ജോൺ (ട്രഷറർ), അഡ്വ: എബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ലിറ്റി ജിജോ (വൈസ് പ്രസിഡന്റ്), സാജൻ സത്യൻ(ജോയിന്റ് സെക്രട്ടറി), സലീന സജീവ് (ജോയിന്റ് സെക്രട്ടറി), ടിറ്റോ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും കോവിഡ് ലോക്ഡൗൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും,  യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ ഇവന്റ്  ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന “ഓണവസന്തം 2021” ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
യുക്മയുടേയും മലയാള മനോരമയുടേയും നേതൃത്വത്തിൽ ഒരു കൂട്ടം മികച്ച കലാകാരൻമാർ  അണിയിച്ചൊരുക്കുന്ന യുക്മയുടെ ഓണാലോഷം “ഓണവസന്തം 2021″ന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.
“യുക്മ – മലയാള മനോരമ ഓണവസന്തം 2021” പരിപാടി 2 PM ന്  (ഇന്ത്യ 6.30 PM) നടക്കുമ്പോൾ കാണികളായി എത്തി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് യുക്മയോടൊപ്പം ആഘോഷിച്ച്  പരിസമാപ്തി കുറിക്കുവാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി  യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന്; ഉത്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി  “ഓണവസന്തം 2021” സെപ്റ്റംബർ 26  ഞായർ 2 PM ന് ഓൺലൈൻ  പ്ലാറ്റ്ഫോമിൽ ബഹുമാനപ്പെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. മന്ത്രി പദമേറ്റെടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തന്റെ മികവ് തെളിയിച്ച് മുന്നേറുന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കിയുടെ പ്രിയപ്പെട്ട MLA യാണ്. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ തന്റെ നേതൃപാടവം തെളിയിച്ച റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പദം കൂടി വഹിക്കുന്നു.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ ഈ പുതുമുഖം ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം  ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. യുക്മ നേതൃത്വവുമായി അടുത്ത സൌഹൃദമുള്ള മന്ത്രി റോഷി അഗസ്റ്റിൻ യുക്മ കേരളപൂരം വള്ളംകളിയിലടക്കം വിവിധ പരിപാടികളിൽ മുൻപും പങ്കെടുത്തിട്ടുണ്ട്. യു കെ യിൽ ഒട്ടേറെ സുഹൃത്തുക്കളുള്ള, പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിൻ, യുക്മ – മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതിൽ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.
സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള  നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും, അംഗ അസ്സോസിയേഷനുകളും കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും,  യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ പ്രോഗ്രാം ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു. യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടി കാണുവാൻ ഏവരേയും യുക്മ ദേശീയ സമിതി ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.
യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
കുര്യൻ ജോർജ്ജ് – 07877348602
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921.

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന് ….. വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും….

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി  “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായറാഴ്ച ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.
1999 ൽ ദേവദാസി എന്ന ചിത്രത്തിലെ “പൊൻ വസന്തം”, നിറം സിനിമയിലെ “ശുക്രിയ” എന്നീ ഗാനങ്ങൾ പാടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിധു പ്രതാപ്,  2000 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകനാണ്. മലയാളം, തമിഴ് ഭാഷകളിലായി നൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ പാടിയ വിധു പ്രതാപ് നൂറിലേറെ സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ പ്രേക്ഷകരെ ആനന്ദ നൃത്തം ചെയ്യിച്ച വിധു പ്രതാപ്, ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലും പ്രേക്ഷകരുടെ ഇഷ്ട പാത്രമാണ്.
ഗായിക, സംഗീത സംവിധായിക, ഡാൻസർ എന്നീ നിലകളിൽ മലയാളി മനസ്സുകളിൽ ഇടം പിടിച്ച സിത്താര കൃഷ്ണകുമാർ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രിയ താരമാണ്. 2012, 2017 വർഷങ്ങളിലെ നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള സിത്താര വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നർത്തകിയായി കലാ ജീവിതം തുടങ്ങിയ സിത്താര പിന്നീട് സംഗീതത്തിലെ തന്റെ കഴിവുകൾ തിരിച്ചറിയുകയും സംഗീത പഠനം ആരംഭിക്കുകയുമായിരുന്നു. രണ്ട് സിനിമകൾക്കും രണ്ട് ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ച സിത്താര നൂറ് കണക്കിന് ആൽബങ്ങൾക്ക് വേണ്ടി മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
എട്ട് വയസ്സ് മുതൽ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ശ്രേയ ജയദീപ് സംഗീത ലോകത്ത് ഉദിച്ചുയരുന്ന പൊൻ താരകമാണ്. തന്റെ എട്ടാമത്തെ വയസ്സിൽ സിനിമയ്ക്ക് പാടി തുടങ്ങിയ ശ്രേയ “അമർ അക്ബർ ആന്റണി” എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ”, മോഹൻലാൽ നായകനായ “ഒപ്പം” സിനിമയിലെ “മിനുങ്ങും മിന്നാമിനുങ്ങേ”, “ഗോഡ്” എന്ന ആൽബത്തിലെ “മേലേ മാനത്തെ ഈശോയെ” എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ശ്രേയ ഒട്ടേറെ ആൽബങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിലാണ്  യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.
യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
 
കുര്യൻ ജോർജ്ജ് – 07877348602
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921.

യുക്മ – മലയാള മനോരമ “ഓണവസന്തം:2021” സെപ്റ്റംബര്‍ – 26ന്…

അലക്സ് വർഗീസ് 
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും, മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന  “ഓണവസന്തം-2021” സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യപരിപാടി അന്ന നിലയില്‍ ഏറെ ശ്രദ്ധേയമാവുന്ന ഈ പരിപാടിയില്‍, മലയാള സംഗീത രംഗത്തെ പുത്തന്‍ തലമുറയുടെ പ്രതീക്ഷയായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം മലയാളിയുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടിയും  യു.കെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു.
പ്രവര്‍ത്തന മികവിന്റെ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മയുടെ  ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി മലയാള മനോരമയുമായി ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയുന്നത് നിലവിലുള്ള ദേശീയ സമിതിയുടെ നിറവാര്‍ന്ന പ്രകടനത്തിലെ മറ്റൊരു പൊന്‍ തൂവലാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൗണ്‍ കാലത്തു പോലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ആയി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി കോൺഫിഡൻറ് ഗ്രൂപ്പ്, യുകെയിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷുറന്‍സ് മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രധാന സ്പോണ്‍സര്‍മാര്‍.
അംഗ അസോസിയേഷനുകള്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് സെപ്തംബര്‍ മാസം മധ്യത്തിലെ വീക്കെന്റ് വരെ നടത്തപ്പെടുന്നുണ്ട്. എല്ലാ അംഗ അസോസിയേഷനുകളുടെയും ആഘോഷപരിപാടികള്‍ സമാപിച്ചതിനു ശേഷം നടത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി സെപ്തംബര്‍ അവസാനവാരത്തിലേയ്ക്ക് നീക്കിയതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
യുക്മ-മലയാള മനോരമ “ഓണവസന്തം:2021” പരിപാടിയില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
കുര്യന്‍ ജോര്‍ജ് – 07877348602
മനോജ് കുമാര്‍ പിള്ള – 07960357679
അലക്സ് വര്‍ഗ്ഗീസ് – 07985641921

ഇന്ന് ആഗസ്റ്റ് 30 യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിൻ്റെ രണ്ടാം വാർഷികം….

ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിൻ്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിൻ്റെ  രണ്ടാം വാർഷികം ഇന്ന് “യുക്മ വിക്ടറി ഡേ” ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയൽ ആത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍  പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആവശ്യ 2019 ആഗസ്റ്റ് മുപ്പതിനായിരുന്നു ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വാദം കേട്ട് വിധി പ്രസ്താവിച്ചത്.
2019 ആഗസ്റ്റ് 31ന് യുക്മയുടെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്‍പ്പെടുന്ന വള്ളം കളിയും മെഗാതിരുവാതിരയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കാളികളാവുന്ന വലിയ പരിപാടി  നടക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിതിൻ്റെ തൊട്ട് തലേദിവസം നടന്നിരുന്ന കേസ് യുക്മ ഭരണസമിതിയ്ക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. കേസ് പരിഗണിച്ച ഹൈക്കോടതി യുക്മ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം അന്യായക്കാര്‍ ഉന്നയിച്ച വാദം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഈ ഭരണസമിതിയെ വിലക്കുന്നത് യുക്മയെന്ന യുകെ മലയാളികളുടെ വികാരമായ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാവും എന്ന വിലയിരുത്തല്‍ നടത്തി കേസ് തള്ളിക്കളയുകയും, കോടതി ചെലവ് ഉള്‍പ്പെടെ യുക്മയ്ക്ക് നല്‍കുന്നതിന് ഉത്തരവാകുകയും ചെയ്യുകയാണുണ്ടായത്.
കേസ് സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ തുടർന്ന് നടന്ന  യുക്മ അര്‍ദ്ധവാര്‍ഷിക പൊതുയോഗത്തില്‍, കേസ് നടത്തിപ്പിനായി യുക്മ നേതൃത്വം ചുമതലപ്പെടുത്തിയിരുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശദീകരിക്കുകയും, തുടർന്ന് വിശദമായ ചർച്ചകൾ നടത്തുകയുമുണ്ടായി.  കേസ് സംഘടനയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും,  ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ യുക്മയുടെ ഭരണഘടനയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായുള്ള ചുവടുവയ്പുകൾക്ക്  ഏറെ ഗുണം ചെയ്യുകയാണുണ്ടായത്.
25/7/2020 ന് കൂടിയ യുക്മ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി യോഗമാണ്  2020 മുതല്‍ എല്ലാ വർഷവും ആഗസ്റ്റ് 30ന്  ‘യുക്മ വിക്ടറി ഡേ’ ആയി ആഘോഷിക്കുന്നതിനുള്ള തീരുമാനമെടുത്തത്. യുക്മ നാഷണൽ ട്രഷറര്‍ അനീഷ് ജോണ്‍ പേര് നിര്‍ദ്ദേശിക്കുകയും ദേശീയ ഭാരവാഹികളായ ടിറ്റോ തോമസ്, സാജന്‍ സത്യന്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു.
ദേശീയ തലത്തിൽ വിവിധ അസോസിയേഷനുകളിൽ ഓണാഘോഷം നടന്നു വരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ലെങ്കിലും അടുത്ത വർഷം മുതൽ ആഗസ്റ്റ്  30ന് യുക്മയെന്ന പ്രസ്ഥാനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെ മുൻനിറുത്തിയുള്ള ജനോപകാരമായ സെമിനാറുകളുൾപ്പെടെയുള്ള  വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യുക്മ  ദേശീയ ജനറല്‍ സെക്രട്ടറി  അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കണം – യുക്മ ദേശീയ സമിതി…

അലക്സ് വർഗീസ്, 
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ഭാരതം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ആ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാരായ യുകെയിലെ നിവാസികളായ ഓരോ ഭാരതീയനുമൊപ്പം എല്ലാ മലയാളികളും ഈ മഹത്തായ സുദിനം സമുചിതമായി ആഘോഷിക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
ഇന്ന്  നടക്കുന്ന ചെറുതും വലുതുമായ ഏത് പരിപാടികളിലും സ്വാതന്ത്ര്യദിനത്തിൻ്റെ ഉചിതമായ അനുസ്മരണകൾ ഉണ്ടാവുകയും, ദേശീയഗാനവും, ദേശഭക്തി ഗാനങ്ങളും ആലപിക്കുകയും ചെയ്യാവുന്നതാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്  ഉചിതവും, പിറന്ന നാടിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള വേദിയായി മാറുകയും ചെയ്യുന്നതാണ്. സാധിക്കുന്ന മലയാളി അസോസിയേഷനുകളെല്ലാം പ്രത്യേകം സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ച് ഈ ചരിത്ര ദിനത്തിൻ്റെ പ്രാധാന്യം പുതുതലമുറയെ  ബോധ്യപ്പെടുത്തുവാനും ശ്രമിക്കണം. നമ്മുടെ പൂർവ്വികർ ചെയ്ത ത്യാഗോജ്ജ്വലമായ സമരമുഖങ്ങളും, അടിച്ചമർത്തലിലൂടെ  അനുഭവിച്ച യാതനകളും പ്രത്യേകം എടുത്ത് പറയുകയും ചെയ്യണം.
സ്വാന്ത്ര്യ സമര പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യൻ്റെ പൊൻകിരണം നേടിത്തന്ന ധീരദേശാഭിമാനികളുടെ ഓർമ്മകൾ അനുസ്മരിക്കണം. നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം പോരാട്ട വീര്യത്തിൻ്റേയും ആത്മസമർപ്പണത്തിൻ്റേയും കൂടിയാണ്. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യം പുതുതലമുറക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് നമ്മുടെ ദൗത്യമാണ്. ഇപ്പോൾ നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യം രാജ്യത്തിൻ്റെ നന്മക്കായും രാജ്യപുരോഗതിക്കായും ഉപയോഗിക്കാം. രാജ്യത്തെ ശിഥിലമാക്കുന്ന ഛിദ്രശക്തികൾക്ക് അറിഞ്ഞോ അറിയാതെ സ്വയം വിധേയമാകാതിരിക്കാൻ മനപൂർവ്വമായ ജാഗ്രത പാലിക്കേണ്ട സമയവും കൂടിയാണ്.
ഇന്ന് സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശഭക്തി ഗാനങ്ങളാലപിച്ച് അവയുടെ വീഡിയോ എടുത്ത് താഴെ കെടുത്തിരിക്കുന്ന ലിങ്കിലൂടെ
അപ് ലോഡ് ചെയ്ത് നമ്മുടെ രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുവാൻ എല്ലാ യു കെ മലയാളികളും തയ്യാറാവണമെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും യുക്മക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എല്ലാ മലയാളികൾക്കും യുക്മ ദേശീയ സമിതിയുടെ സ്വാതന്ത്ര്യദിനാശംസകൾ…

യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന് 5 PM ന്…. ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും; മുഖ്യാതിഥിയായി ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ…… ആതുരംഗത്തെ മാലാഖമാർക്ക് യുക്മയുടെ ആദരം…….

അലക്സ് വർഗീസ് 
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന  മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തിയതുമായ കാലഘട്ടത്തിൽ  ഏറ്റവുമധികം ആദരവ് അർഹിക്കുന്ന മേഖലയുമായ നഴ്സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്ലോറൻസ്  നൈറ്റിംഗേലിൻ്റെ പിൻഗാമികൾക്ക് നൽകുന്ന ആദരവ്….
ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾ യുക്മയുടെയും യുക്മ  നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം ഇന്ന് മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ  ശ്രീ. ഡൻഗൻ ബർട്ടൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന വിവിധ പരിപാടികളിൽ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം സാമൂഹ്യ കലാരംഗത്തെ പ്രമുഖരും ഒത്തുചേരുന്നതാണ്.
യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗവും യുക്മ നഴ്സസ് ഫോറം മുൻ കോർഡിനേറ്ററുമായ തമ്പി ജോസ്, ആർ.സി.എൻ പ്രതിനിധിയും യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
യുക്മ  കലാഭൂഷണം അവാർഡ് ജേതാവ്‌ പ്രമുഖ നർത്തകിയുമായ ദീപ നായർ അവതാരകയായി പരിപാടികളുടെ നിയന്ത്രണമേൽക്കും. യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറിയും യു.എൻ.എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ ചടങ്ങിന് സ്വാഗതം ആശംസിക്കും. യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സലീനാ സജീവിൻ്റെ നേതൃത്വത്തിൽ യുകെയിലങ്ങോളമിങ്ങോളമുള്ള നഴ്സുമാർ ലാംപ് ലൈറ്റിംഗ് സെറിമണി അവതരിപ്പിക്കും. യുഎൻ എഫ് പ്രസിഡൻ്റ് സിന്ധു ഉണ്ണി നഴ്സസ് ദിന സന്ദേശം നൽകും. സെക്രട്ടറി ലീനുമോൾ ചാക്കോ നന്ദി പ്രകാശിപ്പിക്കും. യുക്മ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, യുക്മ ജോയിൻറ് ട്രഷറർ ടിറ്റോ തോമസ്, യു എൻ എഫ് പ്രതിനിധി ഷൈനി ബിജോയ് തുടങ്ങിവരാണ്  ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
ആരോഗ്യ മേഖലയിലെ പ്രമുഖരും പ്രഗത്ഭരുമായ ഡോ.അബ്ദുൾ നാസർ, ജെൻ വാറ്റ്സൻ, സോണിയ ലുബി, മിനിജ ജോസഫ്, ഡോ. ഡില്ല ഡേവിസ്, ഡോ.പർവീൺ അലി, പാൻസി ജോസ്, ബിപിൻ രാജ്, ലവ് ലി സിബി, അബിൻ തോമസ്, റോസ് ജിമ്മിച്ചൻ, ഷൈനി മാത്യു, യദു കൃഷ്ണ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിലെ അനുഭവങ്ങളും ആഘോഷ പരിപാടികളെ തികച്ചും പ്രൊഫഷണൽ തലത്തിലെത്തിക്കും.
പ്രശസ്ത ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ജേതാവ് ജോബി ജോൺ, കൈരളി ടിവി ഗാന ഗന്ധർവ്വസംഗീതം ജേതാവ് എം.ജെ. രാജ്മോഹൻ തുടങ്ങിയവർ നഴ്സസ് ദിനാഘോഷ പരിപാടികളെ സംഗീത സാന്ദ്രമാക്കും.  യുക്മയുടെ റീജിയണൽ തലങ്ങളിൽ നിന്നുമുള്ള നഴ്സുമാരായ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ ഇന്നത്തെ സായംസന്ധ്യയെ ആഘോഷ രാവാക്കി പ്രേക്ഷകർക്ക് പുത്തനുഭവം സമ്മാനിക്കും.
ഇന്ന് മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 PM (യുകെ) 9.30 PM (ഇന്ത്യ) ന് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി പരിപാടികൾ ആരംഭിക്കും.   പ്രശസ്ത കലാകാരൻമാരായ അഷിതാ സേവ്യർ, ജാസ്മിൻ പ്രമോദ്, ബിന്ദു സോമൻ, അജി. വി.പിള്ള, സ്മിത തോട്ടം, ഷിനു ജോസ്, സോണി.കെ.ജോസ്, ടെസി സോജൻ & മരിയ സോജൻ, മെറിനാ ലിയോ, ജോമാ & ബ്രീസ്, അന്ന അനൂജ്, മിനി ബെന്നി, സോഫിയ ബിജു തുടങ്ങിയവരോടൊപ്പം സാൽഫോർഡ് നഴ്സസും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കും.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ജീവനാഡികളായ നഴ്‌സുമാർക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കു വേണ്ടി നിരവധി പരിപാടികൾ യു.എൻ.എഫ് ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളവർദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് പെർമനൻ്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നല്കുവാനും ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായ സമന്വയം ഭരണ തലത്തിൽ ഉണ്ടാക്കിയെടുക്കുവാൻ യുക്മയ്ക്കും യു.എൻ എഫിനും സാധിച്ചിട്ടുണ്ട്. അതിനുകൂലമായ തീരുമാനം നടപ്പിലാക്കുവാനും നേടിയെടുക്കുവാനുള്ള പോരാട്ടങ്ങൾ നിരന്തരം യുക്മയുടെ നേതൃത്വത്തിൽ തുടരുകയാണ്.
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്സുമാർ. ഈ കോവിഡ് കാലഘട്ടത്തിൽ രോഗികളുടെ  ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവൻ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്സുമാർ. നഴ്സുമാർ ഓരോരുത്തരും അവരവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവരുമാണ്.
മൂന്നും നാലും അതിലധികവും വർഷങ്ങളിലെ പഠനകാലങ്ങളിൽ  നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളിൽ  നേടുന്ന അമൂല്ല്യമായ അറിവുകളും പരിചയവും ലോകത്തിലെ മനുഷ്യ സമൂഹത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പ്രാപ്തമായ രീതിയിൽ കൊണ്ടു പോകുവാൻ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നു.  അത് കുലീനമായ നഴ്സിംഗ് ജോലിയുടെ  മാത്രം പ്രത്യേകതയാണ്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നഴ്സുമാരുടെ ജോലി വളരെയേറെ  ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും  ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ, മറ്റുള്ളവർക്കായി  ചെയ്യുന്ന നല്ല പ്രവർത്തികൾ, അഭിമാനിക്കാൻ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാർക്ക്.
യുക്മ യുകെയിലെ എല്ലാ യു.കെ. മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ   പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു വലിയ  പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ബഹുമതി നൽകി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും  നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എൻ.എഫ് പ്രവർത്തിക്കുന്നത്. യു കെയിൽ നിലവിലുള്ളവരും പ്രത്യേകിച്ച് പുതിയതായി കടന്നു വന്നുകൊണ്ടിരിക്കുന്നവരുമായ എല്ലാ നഴ്സുമാരും  പ്രൊഫഷണൽ കാര്യങ്ങളിൽ  പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും അവകാശങ്ങൾക്കായി പോരാടാനും യു.എൻ.എഫുമായി  ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യുക്മ ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ ഇന്ന് വൈകുന്നേരം 5 PM ന് നടക്കുന്ന നഴ്സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യു എൻ എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.