ആതുര രംഗത്തെ മാലാഖമാർക്ക് ആദരവർപ്പിച്ചു കൊണ്ട് യുക്മ നഴ്സസ് ദിനാഘോഷം നാളെ… ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും; ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് മുഖ്യാതിഥി….

അലക്സ് വർഗീസ് 
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം നാളെ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് ശ്രീ.ഡൻഗൻ ബർട്ടൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് നടക്കുന്ന വിവിധ പരിപാടികളിൽ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം സാമൂഹ്യ കലാരംഗത്തെ പ്രമുഖരും ഒത്തുചേരുന്നതാണ്.
യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗവും യുക്മ നഴ്സസ് ഫോറം മുൻ കോർഡിനേറ്ററുമായ തമ്പി ജോസ്, ആർ.സി.എൻ പ്രതിനിധിയും യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. യു.എൻ.എഫ് നാഷണൽ കോർഡിനേറ്റർ സാജൻ സത്യൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് സിന്ധു ഉണ്ണി നഴ്സസ് ദിന സന്ദേശം നൽകും. സെക്രട്ടറി ലീനുമോൾ ചാക്കോ നന്ദി പ്രകാശിപ്പിക്കും
നഴ്സിംഗ് മേഖലയിലെ പ്രമുഖരായ ഡോ.അബ്ദുൾ നാസർ, ജെൻ വാറ്റ്സൻ, സോണിയ ലുബി, മിനിജ ജോസഫ്, ഡോ. ഡില്ല ഡേവിസ്, ഡോ.പർവീൺ അലി, പാൻസി ജോസ്, ബിപിൻ രാജ്, ലവ് ലി സിബി, അബിൻ തോമസ്, റോസ് ജിമ്മിച്ചൻ, ഷൈനി മാത്യു, യദു കൃഷ്ണ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അനുഭവങ്ങളും ആഘോഷങ്ങളെ തികച്ചും പ്രൊഫഷണൽ തലത്തിലെത്തിക്കും.
പ്രശസ്ത ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ജേതാവ് ജോബി ജോൺ, കൈരളി ടിവി ഗാന ഗന്ധർവ്വസംഗീതം ജേതാവ് എം.ജെ. രാജാമോഹൻ തുടങ്ങിയവർ നഴ്സസ് ദിനാഘോഷ പരിപാടിക്ക് കൊഴുപ്പേകും.പ്രസ്തുത പരിപാടിയിൽ യുക്മയുടെ റീജിയണൽ തലങ്ങളിൽ നിന്നുമുള്ള നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
നാളെ മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികൾ നടക്കുക.  പ്രശസ്ത കലാകാരൻമാരായ അഷിതാ സേവ്യർ, ജാസ്മിൻ പ്രമോദ്, ബിന്ദു സോമൻ, അജി. വി.പിള്ള, സ്മിത തോട്ടം, ഷിനു ജോസ്, സോണി.കെ.ജോസ്, ടെസി സോജൻ & മരിയ സോജൻ, മെറിനാ ലിയോ, ജോമാ & ബ്രീസ്, അന്ന അനൂജ്, മിനി ബെന്നി, സോഫിയ ബിജു തുടങ്ങിയവരോടൊപ്പം സാൽഫോർഡ് നഴ്സസും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കും.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ജീവനാഡികളായ നഴ്‌സുമാർക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കു വേണ്ടി നിരവധി പരിപാടികൾ യു.എൻ.എഫ് ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളവർദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് പെർമനൻ്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നല്കുവാനും ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കുവാൻ യുക്മയ്ക്കും യു.എൻ എഫിനും സാധിച്ചിട്ടുണ്ട്. അതിനുകൂലമായ തീരുമാനം  നേടിയെടുക്കുവാനുള്ള പോരാട്ടങ്ങൾ തുടരുകയാണ്.
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്സുമാർ. ഈ കോവിന് കാലഘട്ടത്തിൽ രോഗികളുടെ  ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവൻ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്സുമാർ. നഴ്സുമാർ ഓരോരുത്തരും അവരവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നവരുമാണ്.
മൂന്നും നാലും അതിലധികവും വർഷങ്ങളിലെ പഠനകാലങ്ങളിൽ  നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളിൽ  നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പ്രാപ്തമായ രീതിയിൽ കൊണ്ടു പോകുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നു.  അത് കുലീനമായ നഴ്സിംഗ് ജോലിയുടെ  മാത്രം പ്രത്യേകതയാണത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നഴ്സുമാരുടെ ജോലി വളരെയേറെ  ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും  ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ, മറ്റുള്ളവർക്കായി  ചെയ്യുന്ന നല്ല പ്രവർത്തികൾ, അഭിമാനിക്കാൻ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാർക്ക്.
യുക്മ യുകെയിലെ എല്ലാ യു.കെ. മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ   പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു വലിയ  പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ബഹുമതി നൽകി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും  നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എൻ.എഫ് പ്രവർത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്സുമാരും   പ്രൊഫഷണൽ കാര്യങ്ങളിൽ  പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എൻ.എഫുമായി   ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യു എൻ എഫ് ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യു എൻ എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.

ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമവതരിപ്പിക്കുന്ന കരുണയുടെ നിറദീപങ്ങൾ പൊൻചിരാതുകളാകുന്ന “വിസ്മയ സാന്ത്വനം” ഇന്ന് 2 PM ന് യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി കാണാം…..

കരുണയുടെ നിറദീപങ്ങൾ പൊൻചിരാതുകളാകുന്ന “വിസ്മയ സാന്ത്വനം” ഞായറാഴ്ച 2 PM ന് നടക്കുകയാണ്.  ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി “വിസ്മയ സാന്ത്വനം” ഇന്ന് യു കെ സമയം  2 PM (6.30 PM – ഇന്ത്യ) ന് ആരംഭിക്കും. യുകെയിലെയും അയർലണ്ടിലേയും ആയിരക്കണക്കിനാളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് “വിസ്മയ സാന്ത്വനം” എന്ന പേരിലുള്ള വിസ്മയ പ്രോഗ്രാം കാണുവാനായി. പരിമിതികളെപോലും പടവുകളാക്കി മാറ്റി ഇന്ദ്രജാലത്തിന്റെ മായകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ഭുത പ്രകടനം വീക്ഷിക്കാൻ. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോകുമായിരുന്ന ഭിന്നശേഷിയുള്ളവരെ  പ്രോൽസാഹിപ്പിക്കുവാൻ ശ്രീ.ഗോപിനാഥ് മുതുകാടെന്ന ലോക പ്രശസ്ത മാന്ത്രികൻ സ്വന്തം ജീവിതം പൂർണമായും മാറ്റി വച്ചിരിക്കുന്നു. അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ട്. അത് സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തോടൊപ്പം നമുക്കും കഴിയുംവിധം സഹകരിക്കാം, പിന്തുണയ്ക്കാം.
ഭിന്നശേഷിക്കാരായ കുട്ടികളെ  പ്രോൽസാഹിപ്പിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. നമ്മൾ പരിപൂർണരായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഭാഗ്യത്തിൻ്റെ കൂടെ ആ  ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേർത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിൻ്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.
 
ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തിൽ  അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെ യിലെയും അയർലണ്ടിലെയും സുമനസ്സുകളും കലാസ്നേഹികളുമായ എല്ലാവർക്കും ഒരു അവസരം ഒരുങ്ങുകയാണ്.
യുക്മയുടെ ആഭിമുഖ്യത്തിൽ യുകെയിലെയും അയർലണ്ടിലേയും എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.
ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനംനടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്ന് ഇന്ന് ഞായറാഴ്ച യുകെ സമയം 2 PM നും  ഇന്ത്യൻ സമയം 6.30 PM നുമാണ് നടക്കുന്നത്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി പരിപാടി കാണാനാവും.
“വിസ്മയ സാന്ത്വനം” പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് യുകെയിലെയും അയർലണ്ടിലേയും എല്ലാ നല്ലവരായ  സുഹൃത്തുക്കളോടും, കലാപ്രേമികളോടും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിക്കുന്നു.

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണം….. യു.കെ മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള….നിവേദനങ്ങളുമായി യുക്മ….

സജീഷ് ടോം 
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍.
രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികര്‍ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യു.കെ യില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്കും മനുഷ്യത്വ രഹിതമായ പകല്‍കൊള്ളകള്‍ക്കും  പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട അടിയന്തിര നിവേദനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് യുക്മ  നല്‍കിക്കഴിഞ്ഞു. തുടക്കത്തില്‍ വന്ദേഭാരത് മിഷന്‍ വിമാന സര്‍വ്വീസുകള്‍ കൊച്ചിയിലേക്കും നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തിയിരുന്നു. എയര്‍ ഇന്ത്യക്ക് തികച്ചും ലാഭകരം ആയിരുന്ന പ്രസ്തുത സര്‍വ്വീസുകള്‍ പൊടുന്നവെ നിറുത്തിയതില്‍ ഇതര സംസ്ഥാന ലോബികള്‍ക്കുള്ള പങ്കും തള്ളിക്കളയാനാവില്ല.
യു.കെയില്‍നിന്നും ഡല്‍ഹി വിമാനത്താവളത്തിലോ, മറ്റ് ഏതെങ്കിലും ഇന്ത്യന്‍ അന്താരാഷ്‌ട്ര ടെര്‍മിനലുകളിലോ എത്തുന്ന യാത്രികരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റിവ് ആണെന്ന്, എത്തിച്ചേര്‍ന്ന് കഴിഞ്ഞുള്ള പരിശോധനയില്‍ തെളിഞ്ഞാല്‍, സഹയാത്രികരും ക്വാറന്റീന്‍ ചെയ്യേണ്ടി വരുന്നത്, അപ്രതീക്ഷിതമായി യാത്രികര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏറെ വലുതാണ്. കോവിഡ് ഉണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ട യാത്രക്കാരന്റെ മൂന്ന് നിര മുന്നോട്ടും മൂന്ന് നിര പിന്നോട്ടും യാത്ര ചെയ്യുന്ന സഹ യാത്രക്കാരാണ് ഈ വിധം ക്വാറന്റീനില്‍ പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി രണ്ടാഴ്ചകള്‍ അധികമായി നഷ്ട്ടപ്പെടുന്നതിനൊപ്പം കുറഞ്ഞത് അരലക്ഷം  രൂപയോളമാണ് ഇതിനായി മാത്രം ഒരു പ്രവാസിയും നല്‍കേണ്ടി വരുന്നത്.
ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടുത്തെ എയര്‍പോര്‍ട്ടില്‍, അരമണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ കഴിയുന്ന കോവിഡ് പരിശോധന നടത്തിയാല്‍ മാത്രം യാത്ര ചെയ്യുവാന്‍ അനുമതി നല്‍കുന്ന രീതിയിലൂടെ നിലവിലുള്ള അശാസ്ത്രീയമായ നടപടികളെ മറികടക്കാവുന്നതാണെന്ന് യുക്മ  ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാമുപരി, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുകവഴി ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതി അഭ്യര്‍ത്ഥിക്കുന്നു.
ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സര്‍വ്വീസുകള്‍ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കപ്പെടേണ്ടുന്ന ഒന്നാണ്. മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനില്‍നിന്നും കൊച്ചിയിലേക്ക് പറന്നത്. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍ തന്റെ  പത്രസമ്മേളനത്തില്‍ അന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ മാറ്റുവാന്‍  മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്ന സാഹചര്യമാണ് യു.കെയില്‍ നിലവിലുള്ളത്. നിയന്ത്രിതമായ യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍, ഹീത്രോ വിമാനത്താവളത്തില്‍നിന്നും യു.കെയുടെ വടക്കന്‍ മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ ടാക്സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍, കേരളത്തില്‍നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബര്‍മിംഗ്ഹാമിലേക്കും കൂടി വിമാന സര്‍വ്വീസുകള്‍ അനുവദിക്കുന്ന കാര്യം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യ നിവേദനത്തില്‍ തന്നെ യുക്മ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് മലയാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ബഹുജന പങ്കാളിത്തത്തോടെ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി യുക്മ മുന്നിട്ടിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

യു – ഫോർച്യൂൺ ഭാഗ്യ മത്സരത്തിൽ എല്ലാമാസവും ഓരോ ഐ പാഡ് ജേതാവിനെ കണ്ടെത്തുവാൻ യുക്മ…… ആകർഷകമായ സൗജന്യ സമ്മാന വാഗ്‌ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി….

സജീഷ് ടോം 
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വർഷവും യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും.
 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകർഷകമായ ഒരു സമ്മാന പദ്ധതി യു – ഫോർച്യൂൺ എന്ന പേരിൽ തികച്ചും  സൗജന്യമായി യുക്മ ഒരുക്കുന്നുണ്ട്. കലണ്ടറിൽ എല്ലാ മാസത്തിന്റെയും തീയതികൾക്കൊപ്പം നൽകിയിരിക്കുന്ന യുക്മ യു- ഫോർച്യൂൺ  ബാർകോഡ് (ക്യൂ ആർ കോഡ്) സ്മാർട്ട് ഫോൺ കാമറയോ ബാർകോഡ്സ് സ്കാൻ ആപ് ഉപയോഗിച്ചോ സ്കാൻ ചെയ്യുകയും നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് എന്റർ ചെയ്യുകയോ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനാവുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ യുക്മ ദേശീയ/റീജണൽ  ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടർ, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.
ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരെഞ്ഞെടുക്കപ്പെട്ട കോൺടാക്ട് പോയിന്റുകളിൽ ആണ് കലണ്ടർ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ൽസ്, സ്കോട്ട്ലൻഡ്,നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ജനുവരി അവസാനം തന്നെ യുക്മ കലണ്ടറുകൾ എത്തിച്ചു കഴിഞ്ഞതായി കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.
മുൻ വർഷങ്ങളിൽ ജനുവരി ആദ്യവാരം തന്നെ വിതരണം പൂർത്തിയാകാറുണ്ടായിരുന്ന യുക്മ കലണ്ടർ ഈ വർഷം കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് വിതരണത്തിന്  കാലതാമസം നേരിട്ടതെന്നും,  യുക്മ കലണ്ടർ 2021 വാഗ്‌ദാനം ചെയ്യുന്ന സൗജന്യ ഐ പാഡ് വിജയി ആകുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും യുക്മ ദേശീയ പ്രസിഡൻ്റ്  മനോജ്‌കുമാർ പിള്ള , ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ് (07723956930), ജോയിൻ്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.

യുക്മ കലണ്ടർ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി………. പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്‌ദാനം ചെയ്യുന്ന സൗജന്യ സ്പൈറൽ കലണ്ടർ……. അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്……


സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു.കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വർഷവും യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മക്ക് അഭിമാനവുമാകും.
ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു.കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടർ, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.
ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരെഞ്ഞെടുക്കപ്പെട്ട കോൺടാക്ട് പോയിന്റുകളിൽ ആണ് കലണ്ടർ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ൽസ്, സ്കോട്ട്ലൻഡ്,നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളിലും യുക്മ കലണ്ടര്‍ ഇതിനകം എത്തിച്ചു കഴിഞ്ഞു. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ പക്കൽനിന്നോ, മുൻകൂട്ടി അറിയിച്ചിരിക്കുന്ന കളക്ഷൻ പോയിന്റുകളിൽനിന്നോ കലണ്ടറുകൾ കൈപ്പറ്റാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും യുക്മ കലണ്ടറിന് രജിസ്റ്റർ ചെയ്യാവുന്നതാണ്:-

UUKMA Calendar Request form 2021

Please submit your details. We will arrange the delivery at the earliest.

2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകർഷകമായ ഒരു സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യു-ഗ്രാന്റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. അതിന് പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യു-ഗ്രാന്റ് ഒരു ലോട്ടറിയ്ക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി യുക്മ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യു കെ യിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും, നാട്ടിലേക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗം പണം അയക്കുന്നതുല്‍പ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ളോബല്‍, യു.കെയിലെ പ്രമുഖ മലയാളി സോളിസിറ്റെഴ്സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്മെന്റ് സ്ഥാപനം എന്‍വിരറ്റ്സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്,  സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, ബിസിനസ്സുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീ-കോം അക്കൗണ്ടന്‍സി സര്‍വീസ്,  യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, പ്രമുഖ ആക്സിഡന്റ് ക്ലെയിം കമ്പനിയായി ഷോയി ചെറിയാന്‍ ആക്സിഡന്റ് ക്ലെയിംസ്  ലിമിറ്റഡ്, ഭക്ഷ്യവിതരണ രംഗത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിശ്വസ്ത സ്ഥാപനം വിശ്വാസ് ഫുഡ്സ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്പോണ്‍സര്‍ ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍.
കോവിഡ്, ലോക്ഡൗൺ  പശ്ചാത്തലത്തിലാണ് കലണ്ടർ വിതരണത്തിന്  കാലതാമസം നേരിട്ടതെന്നും  യുക്മ കലണ്ടർ 2021  സ്വന്തമാക്കുന്നതിനുള്ള അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ദേശീയ പ്രസിഡൻ്റ്  മനോജ്‌കുമാർ പിള്ള , ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ് (07723956930), ജോയിൻ്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.
 
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി യുക്മ കലണ്ടറിന് നേരിട്ടും അപേക്ഷിക്കാവുന്നതാണ്:-

വേണു രാജാമണി ഐ.എഫ്.എസ്ന്റെ പ്രൗഢസാന്നിധ്യം ആവേശം പകര്‍ന്നു…. മുഖ്യപ്രഭാഷകന്‍ സംഗമേശ്വരന്‍ അയ്യര്‍ താരമായി……. യുക്മയുടെ നവമാദ്ധ്യമ സുരക്ഷാ സംവാദം ഫേസ്ബുക്ക് പേജില്‍ വന്‍ജനപങ്കാളിത്തത്തോടെ പുതുചരിത്രമെഴുതി…

കുര്യൻ ജോർജ്
(യുക്മ ദേശീയ സമിതിയംഗം)
വെര്‍ച്വല്‍ ദേശീയ കലാമേള സംഘടിപ്പിച്ച് വെന്നിക്കൊടി പാറിച്ച യുക്മ, പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ സംവാദം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ആനുകാലികമായ വാട്ട്സ്ആപ്പ് നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്തെ അപകടകരമായതും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമായ വിവിധ വിഷയങ്ങളെക്കുറിച്ച് നയം വ്യക്തമാക്കിക്കൊണ്ട് നടന്ന വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ചര്‍ച്ചയും സംവാദങ്ങളും ഏറെ പ്രായോഗിക അറിവ് പകരുന്നതായി.
ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഡിജിറ്റല്‍ ലോകത്തെ നിയമങ്ങളും വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലെ നയം മാറ്റങ്ങളും വളരെ വിശദമായി ചര്‍ച്ച ചെയ്ത സംവാദം ഉദ്ഘാടനം ചെയ്തത് ലോകപ്രശസ്ത മലയാളി നയതന്ത്രജ്ഞനായ  വേണു രാജാമണി ഐ.എഫ്.എസ്സാണ്. ഉദ്ഘാടനത്തിനു ശേഷം അവതാരക ദീപ നായര്‍ നടത്തിയ അഭിമുഖത്തില്‍ വിദ്യാര്‍ത്ഥി ജീവിതകാലാനുഭവങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതാനുഭവങ്ങളും വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവെച്ച അദ്ദേഹം ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും സംസാരിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പോലുള്ള ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഡോ. സരോജ് ഥാപ്പയുമായി നടന്ന അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ഓര്‍മ്മകളും  പ്രേക്ഷകരുമായി അദ്ദേഹം പങ്ക് വെച്ചു. കൂടാതെ അദ്ദേഹത്തിന്റെ വിവിധ ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോഴുള്ള അനുഭവങ്ങള്‍ പ്രത്യേകിച്ച് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍, ധനകാര്യ വകുപ്പിലെ നടപടികളിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണ്ടായ വലിയ മാറ്റങ്ങള്‍, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി എന്ന നിലയിലുള്ള അനുഭവങ്ങള്‍ എന്നിവ അദ്ദേഹം വളരെ വിശദമായി തന്നെ പങ്കുവച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ളയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, യു.കെയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ വേണു രാജാമണിയുമായുള്ള അഭിമുഖത്തില്‍ പങ്കാളികളായി.
പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഓണ്‍ലൈന്‍ സംവാദത്തിന് നായകത്വം വഹിച്ചത് അമേരിക്കന്‍ മലയാളിയും അന്താരാഷ്ട്ര പ്രശസ്തനായ സൈബര്‍ സുരക്ഷാ വിദഗ്ദനുമായ സംഗമേശ്വരന്‍ മാണിക്യം അയ്യരാണ്. ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്‍, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ തന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പ്രേക്ഷകരുമായി പങ്ക് വെച്ചത് ഏറെ രസകരമായിരുന്നു. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നിരന്തരം ഇടപെടുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ വിശദമായി പ്രതിപാദിച്ച സംഗം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി നല്‍കിയ മറുപടികള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തി.
വിദ്യാഭ്യാസ ഗവേഷണ രംഗത്ത് തുടരുന്നതോടൊപ്പം ടെലിവിഷന്‍  മേഖലയിലും സജീവമായി പ്രവര്‍ത്തിച്ച് വരുന്ന ബാംഗ്‌ളൂര്‍ മലയാളി അപര്‍ണ വിശ്വനാഥന്‍ സൈബര്‍ ലോകത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന ബുള്ളിയിംഗ് ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളും മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വളരെ വിശദമായി പ്രേക്ഷകരോട് സംസാരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ നേരിടാന്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അപര്‍ണ വിശദീകരിച്ചത് ഏറെ സഹായകരമായി. ലോക് ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ സ്കൂളിംഗ് കുട്ടികളിലുണ്ടാക്കുന്ന മാനസിക വ്യതിയാനങ്ങളെ ചൂണ്ടിക്കാണിച്ച അപര്‍ണ ആ പ്രതിസന്ധിയെ നേരിടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രേക്ഷകര്‍ക്ക് നല്‍കി.
ഇംഗ്ളണ്ടിലെ സ്വിന്‍ഡന്‍ ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി, ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട് കാലിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ ഒരു സംവാദത്തിന് അവസരമൊരുക്കിയ യുക്മക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. കൊച്ച് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ‘ഓഫ് കോം’ റിപ്പോര്‍ട്ട് പ്രതിപാദിച്ച്  ജി.ഡി.പി.ആര്‍ നിയമത്തിന്റെ വിശദാംശങ്ങളും ആ നിയമത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെ സംബന്ധിച്ചും വളരെ വിശദമായി പ്രേക്ഷകരോട് സംവദിച്ചു. യുകെയില്‍ സ്കൂളുകള്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാണിച്ച റെയ്മോള്‍ കുട്ടികളുടെ സുരക്ഷക്കായി സ്വീകരിക്കാവുന്ന മുന്‍കരുതലുകളെപ്പറ്റിയും പ്രേക്ഷകരോട് സംസാരിച്ചു.
യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്പിളുവേലിലും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം പ്രേക്ഷകരുമാണ് ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചത്. മാത്യു അലക്സാണ്ടര്‍ (ലിവര്‍പൂള്‍), സ്മിതാ തോട്ടം (ബര്‍മ്മിങ്ഹാം), സന്തോഷ് ജോണ്‍ (ബെല്‍ഫാസ്റ്റ്), വരുണ്‍ ജോണ്‍ (സൗത്താംപ്ടണ്‍), സോണിയാ ലൂബി (ലണ്ടന്‍), ഷാജിമോന്‍ കെ.ഡി (മാഞ്ചസ്റ്റര്‍), സീന പഴയാറ്റില്‍ (നോര്‍വിച്ച്), ചാര്‍ലി മാത്യു (ബാന്‍ബറി), ഷൈനി കുര്യന്‍ (നോട്ടിങ്ഹാം), ബിജു പീറ്റര്‍  (ലിവര്‍പൂള്‍), രമ്യ മനോജ് (ഗ്ലോസ്റ്റര്‍), രാഹുല്‍ ദേവ് (മാഞ്ചസ്റ്റര്‍), ശാരിക അമ്പിളി (ക്രോയിഡോണ്‍), ജേക്കബ് കുയിലാടന്‍ (ലീഡ്സ്), അശ്വതി പ്രസന്നന്‍ (സ്റ്റോക്ക്പോര്‍ട്ട്), സിനോജ് ചന്ദ്രന്‍ (ന്യൂകാസില്‍) എന്നിവരാണ് ലൈവ് സ്ക്രീനിലെത്തി ചോദ്യങ്ങള്‍ ചോദിച്ചത്. കൂടാതെ നിരവധി ആളുകള്‍ ഫേസ്ബുക്ക് കമന്റിലും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. യു.കെയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന ചോദ്യകര്‍ത്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മുഖ്യപ്രഭാഷകനായിരുന്ന സംഗമേശ്വരന്‍ അയ്യര്‍, പാനല്‍ അംഗങ്ങളായ അപര്‍ണ വിശ്വനാഥന്‍, റെയ്മോള്‍ നിധീരി എന്നിവര്‍ വിശദമായ മറുപടികള്‍ നല്‍കി.
നാലര മണിക്കൂറിലേറെ നീണ്ട് നിന്ന ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അവതാരകയായി എത്തിയ ദീപ നായര്‍, ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ തന്റെ അറിവുകള്‍ ഉപയോഗിച്ച് പതിവ് പോലെ ഏറെ മികവോടെ തന്റെ റോള്‍ നിര്‍വ്വഹിച്ചു.  കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചകളില്‍ ഇടപെട്ട ദീപ, ചര്‍ച്ചകള്‍ നയിച്ചവരേയും ചോദ്യകര്‍ത്താക്കളേയും പ്രേക്ഷകരേയും ഒരു പോലെ കോര്‍ത്തിണക്കി ചര്‍ച്ച മുന്നോട്ട് കൊണ്ടു പോവുകയും ചെയ്തു. നൂറ് കണക്കിന് പ്രേക്ഷകര്‍ ആദ്യവസാനം വളരെ സജീവമായി പങ്കെടുത്ത സംവാദത്തിന് യുക്മ ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. യുക്മ ദേശീയ നേതാക്കളായ ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, അനീഷ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും….നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം….. ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ്; മുഖ്യപ്രഭാഷണം: സംഗമേശ്വരന്‍ അയ്യര്‍ (യു.എസ്‌.എ)…..

സജീഷ് ടോം 
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
വാട്ട്സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്. സൈബര്‍ സ്പേസ്, മൊബൈല്‍ ടെക്നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 23 ശനിയാഴ്ച്ച യു.കെ സമയം വൈകിട്ട് 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) ആണ് പരിപാടി.
ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായിരുന്ന ശ്രീ. വേണു രാജാമണി ഐ.എഫ്.എസാണ് “ഡിജിറ്റല്‍ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നു” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രജ്ഞന്‍ എന്ന നിലയില്‍  അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ബന്ധങ്ങള്‍ വിവിധ ലോകരാഷ്ട്രങ്ങളുമായി ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള മഹദ്വ്യക്തിത്വമാണ് അദ്ദേഹം. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം ശ്രീ. പ്രണാബ് മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2017 ജൂണ്‍ മുതല്‍ നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ അംബാസഡറായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ മാസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്.
പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ക്ലാസ്സുകള്‍ നയിക്കുവാനെത്തുന്നത് ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്‍ മാണിക്യം അയ്യരാണ്.  അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെന്‍‌വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര സൈബര്‍-സുരക്ഷാ വിദഗ്ദ്ധനാണ് അദ്ദേഹം. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും സിസ്റ്റംസ് & മാര്‍ക്കറ്റിംഗില്‍ എംബിഎയും നേടി 25 വര്‍ഷത്തിലേറെ ഈ രംഗത്ത് പരിചയമുള്ള ഇദ്ദേഹം സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രമുഖ സര്‍ട്ടിഫിക്കേഷനുകളായ ജി.‌എസ്.‌.ഇസി, സി‌.ഐ‌.എസ്.‌പി, സി.‌ഐ.‌എസ്.‌എം, സി.‌ആര്‍.‌എസ്.‌സി, സി.‌സി.‌എസ്.‌കെ, വി.‌ടി.‌എസ്.‌പി എന്നിവയില്‍ യോഗ്യതയും നേടിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഇന്റര്‍പോള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം ഉള്‍പ്പെടെ വിവിധ  വേദികളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2016 ല്‍ കാനഡയിലെ ഒന്റാറിയോയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ക്കായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവും ഡിജിറ്റല്‍ സ്വകാര്യതാ കാമ്പെയ്‌നും നയിക്കുന്നതില്‍ അദ്ദേഹം നടത്തിയ സമഗ്ര ശ്രമങ്ങളെ  പരിഗണിച്ച് ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് ആയ  ഹൗസ് ഓഫ് കോമണ്‍സ് പ്രത്യേകം അഭിനന്ദിച്ചു. വ്യവസായ കണ്‍സോര്‍ഷ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ സൈബര്‍ സുരക്ഷാ ഉപദേശക സമിതിയില്‍ അദ്ദേഹം പങ്കാളിയാണ്. ശ്രോതാക്കളെ കൂടി പങ്കാളികളാക്കിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ് ശൈലി പൊതുവേ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്.
നിരവധി പരിപാടികളില്‍ സജീവ പങ്കാളിയായ സംഗം വിവിധ സൈബര്‍ സുരക്ഷാ വശങ്ങളെക്കുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഉപദേശം നല്‍കുകയും തന്റെ സാമൂഹിക നിരീക്ഷണങ്ങളില്‍ നിന്ന് വിവിധ ബ്ലോഗുകളും ലേഖനങ്ങളും ജനനന്മയ്ക്കായി എഴുതുകയും ചെയ്യുന്നു. പൊതുപ്രഭാഷണം, ഫോട്ടോഗ്രഫി, സ്പോര്‍ട്സ്, പെയിന്റിംഗ്, ജ്യോതിശാസ്ത്രം, വേദഗണിതശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളാണ്. പരിശീലനം ലഭിച്ച കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം വയലിന്‍, കീബോര്‍ഡ്, കസൂ തുടങ്ങിയ ഉപകരണങ്ങള്‍ വായിക്കുന്നു. ഇടയ്ക്കിടെ  കോമഡി ഷോയും ചെയ്യുന്നുണ്ട്. മുമ്പ് വിവിധ റേഡിയോ സ്റ്റേഷനുകളില്‍ വിവിധ ടോക്ക് ഷോകള്‍ അവതരിപ്പിച്ച അദ്ദേഹം യുഎസ്എ, കാനഡ, ഇന്ത്യ, ജര്‍മ്മനി, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലായി വിവിധ ടെലിവിഷന്‍, റേഡിയോ അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചില കഥകള്‍ “ഫ്രം എല്ലിസ് ഐലന്റ്” എന്ന പുസ്തകത്തില്‍ പ്രസിദ്ധ എഴുത്തുകാരന്‍ സി. രാധാകൃഷ്ണനോടൊപ്പം 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ചു.
ബാംഗ്ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ  അപര്‍ണ വിശ്വനാഥന്‍ സംരംഭക, മാധ്യമ പ്രവര്‍ത്തക, മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എന്നീ നിലകളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ്. സാമൂഹ്യ-വൈകാരിക പഠന സ്ഥലത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന ‘സോഷ്യോ’ എന്ന സംഘടനയുടെ സ്ഥാപകയാണ്.  ആശയവിനിമയം, ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. കോവിഡ് ബാധിത സമയങ്ങളില്‍ നിരവധി ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക്  ആരോഗ്യ സഹായം സുഗമമാക്കി. മാധ്യമ പ്രവര്‍ത്തക കൂടിയായ അവര്‍ മാതൃഭൂമി പത്രത്തിലും ഇക്കണോമിക്സ് ഡെയ്‌ലിയിലും കോളം എഴുതുന്നുണ്ട്. വിവിധ ബിസിനസ്, ജേര്‍ണലിസം സ്കൂളുകളിലും ഗസ്റ്റ് ഫാക്കല്‍റ്റി എന്ന നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
ബിരുദാനന്തര ബിരുദധാരിയായ അപര്‍ണ വിശ്വനാഥന്‍ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷനില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. വനിതാ സംരംഭകത്വ പദ്ധതിയെ മുന്‍നിര്‍ത്തി സമര്‍പ്പിച്ച ബിസിനസ്സ് മോഡലിന് പ്രത്യേക അംഗീകാരം ലഭിച്ച്  രണ്ടാം റാങ്കോടെയാണ് ഐ.ഐ.എം ബാംഗ്ലൂരില്‍ നിന്ന് പാസായത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് സംരംഭകത്വത്തില്‍ എം‌ബി‌എ നേടി. വിദ്യാഭ്യാസരംഗത്തോടുള്ള അഭിനിവേശം ഇപ്പോള്‍ ഗവേഷണ രംഗത്തേയ്ക്ക് നയിച്ചിരിക്കുകയാണ്. കോളേജ് പഠന സമയത്ത് ദൂരദര്‍ശന്‍ ‘രംഗോളി’ ഹോസ്റ്റു ചെയ്യുന്നതിലൂടെ ആരംഭിച്ച് പിന്നീട് സ്വകാര്യ ടിവി ചാനലുകളിലേക്ക് മാറി, അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് റീഡറായി. സംരംഭകത്വത്തിലേയ്ക്ക് മാറിയ ശേഷവും  തനിക്ക് താല്‍പ്പര്യമുള്ള ഷോകള്‍ ഹോസ്റ്റുചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു കൊണ്ട് ടെലിവിഷന്‍ രംഗത്ത് സജീവമാണ്.
ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാ-കായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സോഫ്റ്റ്വെയര്‍ എക്സ്പോര്‍ട്ട് ടെക്നോളജി, മൈക്രോസോഫ്റ്റ് ടെക്നോളജി സ്പെഷ്യലിസ്റ്റ്, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈബ്രറി, പ്രൊജക്ട് മാനേജ്മെന്റ്, ബിസ്സിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ യോഗ്യതകളും നേടിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ പ്രമുഖ ഗ്രാമര്‍ സ്കൂള്‍ ട്യൂഷന്‍ സ്ഥാപനമായ 11പ്ലസ് ലീപ് സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിക്കുന്നു. ഇന്ത്യന്‍ വുമണ്‍ എഞ്ചിനിയേഴ്സ് – സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. വില്‍ഷെയറിലെ ഒന്നാം ലീഗില്‍ കളിക്കുന്ന സ്വിന്‍ഡന്‍ സ്മാഷ് ലേഡീസ് ബാറ്റ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റനാണ്. നര്‍ത്തകി, ഗായിക, അവതാരക  എന്നീ നിലകളില്‍ കലാരംഗത്തും സജീവമായ റെയ്മോള്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ‘വീ ഷാല്‍ ഓവര്‍കം’ ഓണ്‍ലൈന്‍ കലാപരിപാടികളുടെ സംഘാടകരില്‍ ഒരാളുമാണ്.
യുക്മ സംഘടിപ്പിച്ച വിവിധ  വെര്‍ച്വല്‍ പരിപാടിടെ അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെയാണ് ഡിജിറ്റല്‍ മേഖലയെക്കുറിച്ച്  യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക. പ്രമുഖ ബ്രിട്ടീഷ് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി റീട്ടെയിലര്‍, ഫാര്‍മസി ചെയിന്‍ കമ്പനിയായ ‘ബൂട്ട്സ്’ന്റെ ഹെഡ്ഓഫീസില്‍  ഐ.ടി പ്രൊജക്ട് മാനേജ്മെന്റ് ടീമില്‍ ജോലി ചെയ്തിരുന്ന ദീപയുടെ അനുഭവസമ്പത്ത് വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. സൂര്യ ടി.വിയുടെ അവതാരകയായിരുന്ന ദീപ യു.കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയും യുക്മയുടെ കലാഭൂഷണം അവാര്‍ഡ് ജേതാവുമാണ്.
യുക്മ ഫേസ്ബുക്ക് പേജിലൂടെയാവും ജനുവരി 23 ശനിയാഴ്ച്ച വൈകുന്നേരം യു.കെ സമയം 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) മുതല്‍ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന്  യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Privacy and Reputation
Indicators of Malware & Hacking
Cyber Crime & Mobile
Social Networking Safety
Securing Home Network
Passwords & E-mail Security
Ransomware & Consumer Scams
Cyber Bullying
എന്നീ വിഷയങ്ങളാവും സംവാദത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ലൈവ് പ്രോഗ്രാമിനിടെ അത് ചോദിക്കുന്നതിനായുള്ള അവസരമുണ്ടായിരിക്കും. അതിനായി യുക്മ ജനറല്‍ സെക്രട്ടറിയുടെ secretary.ukma@gmail.com ഇ-മെയിലിലോ 07985641921 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ…

സജീഷ് ടോം 
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു.
 പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികൾക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണിവിടെ.
നാട്യമയൂരം – മരിയ രാജു
നൃത്ത മത്സരങ്ങളിൽ ഏറ്റവുമധികം പോയിൻറ് കരസ്ഥമാക്കുന്ന കുട്ടിക്ക്  മുൻ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റും യുക്മയുടെ ഏറ്റവും പ്രിയങ്കരനായ നേതാവുമായിരുന്ന   യശശരീരനായ ശ്രീ.രഞ്ജിത്ത് കുമാറിൻ്റെ   ഓർമയ്ക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന എവർറോളിംഗ് ട്രോഫിയാണ്  നാട്യമയൂരം ബഹുമതി. 2020 യുക്മ  വെർച്വൽ കലാമേളയിൽ യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിൽ നിന്നുള്ള മരിയ രാജുവാണ് നാട്യ മയൂര ബഹുമതിക്കർഹയായത്. ഏറ്റുമാനൂർ സ്വദേശി പുളിഞ്ചാക്കിൽ രാജു കുര്യാക്കോസിൻ്റേയും ബിൻസി ജേക്കബിൻ്റേയും രണ്ടാമത്തെ മകളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ നേടിയാണ് മരിയ നാട്യ മയൂര നേടിയത്. റിയ രാജു, ഹന്നാ രാജു എന്നിവർ സഹോദരിമാരാണ്. ദിവ്യ ഉണ്ണികൃഷ്ണൻ, കാവ്യ മാധവ് എന്നിവരാണ് മരിയയുടെ ഗുരുക്കൻമാർ. (തേജോമയി ഇൻസ്റ്റിറ്റ്യൂട്ട് )
ഭാഷാ കേസരി
വളർന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി യുക്മയുടെ സമുന്നതനായ ദേശീയ നേതാവ് യശശരീരനായ ശ്രീ. എബ്രാഹം ജോർജിൻ്റെ  ഓർമക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഭാഷാ കേസരി.
ഇത്തവണ ഭാഷാ കേസരി ബഹുമതി രണ്ട് പേർ ചേർന്നാണ് പങ്കുവയ്ക്കുന്നത്.
1. സൈറാ മരിയ ജിജോ
യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബി സി എം സി അസോസിയേഷനിലെ സൈറാ മരിയ ജിജോ, കഴിഞ്ഞ രണ്ട് വർഷവും ഭാഷാ കേസരി ബഹുമതി കരസ്ഥമാക്കിയിരുന്നതാണ്. ബർമിംങ്ഹാം യൂണിവേഴ്സിറ്റിയിലെ  കാറ്ററിംഗ് മാനേജരായ ജിജോ ഉതുപ്പിൻ്റേയും യുക്മ വൈസ് പ്രസിഡൻ്റും ഫിസിയോ തെറാപ്പിസ്റ്റുമായ ലിറ്റി ജിജോയുടെയും മൂത്ത മകളാണ് സൈറാ. ഇയർ 9 വിദ്യാർത്ഥിനിയായ സൈറാ മോണോ ആക്ട്, പദ്യപാരായണം എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയാണ് സൈറ ഭാഷാ കേസരി കരസ്ഥമാക്കിയത്. റബേക്ക ആൻ ജിജോ സഹോദരിയാണ്.
2. ടെസ്സ ജോൺ
 
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിൽ നിന്നുള്ള ടെസ്സ ജോൺ കൂടി ഭാഷാ കേസരി ബഹുമതി സൈറയോടൊപ്പം പങ്കുവച്ചു. മണിമല വഴിപ്പറമ്പിൽ സ്റ്റാൻലി തോമസിൻ്റേയും സൂസൻ ഫ്രാൻസീസിൻ്റെയും മൂത്ത മകളാണ് ടെസ്സ ജോൺ. സെൻ്റ്. ബെഡ്സ് ഇൻ്റർ ചർച്ച് സ്കൂളിലെ ഇയർ 10 വിദ്യാർത്ഥിനിയാണ് ടെസ്സ. മലയാളം പ്രസംഗം ഒന്നാം സ്ഥാനവും, പദ്യപാരായണം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ടെസ്സ ഭാഷാ കേസരി ബഹുമതി നേടിയത്. മെലീസ ജോൺ സഹോദരിയാണ്.
വ്യക്തിഗത ചാമ്പ്യൻമാർ
കിഡ്സ് വിഭാഗം:-  ജാൻവി ജയേഷ് നായർ
കുട്ടനാട് എടത്വ സ്വദേശിയായ മുരളീ നിലയത്തിൽ വിപ്റോയിൽ ഐ ടി ഉദ്യോഗസ്ഥരായ ജയേഷ് കുമാറിൻ്റെയും അനുഗ്രഹീത ഗായിക അനു ചന്ദ്രയുടെയും മകളായ ജാൻവി ജയേഷ് നായർ. സോളോസോംഗ്, സ്റ്റോറി ടെല്ലിംഗ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാൻസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജാൻവി കിഡ്സ് വിഭാഗം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ഇയർ 2 വിദ്യാർത്ഥിനിയാണ്. വിൽഷെയർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ജാൻവി കലാമേളയിൽ പങ്കെടുത്തത്.
സബ് ജൂനിയർ വിഭാഗം:- 
ഇവാ മരിയ കുര്യാക്കോസ് & മരിയ രാജു
ഇവാ മരിയ കുര്യാക്കോസ്
 
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോ.ജോജി കുര്യാക്കോസിൻ്റേയും ഡോ. ദീപാ ജേക്കബ്ബിൻ്റെയും ഏകമകളായ ഇവാ മരിയ കുര്യാക്കോസ് നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, മോണോ ആക്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ്  സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കുവച്ചത്. യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഇവാ കലാമേളയിൽ പങ്കെടുത്തത്.
മരിയ രാജു
യോർക് ഷെയർ & ഹംമ്പർ റീജിയനിലെ ഇ വൈ സി ഒ ഹൾ അസോസിയേഷനിലെ തന്നെ മരിയ രാജുവാണ് സബ് ജൂനിയർ വ്യക്തിഗത  വിഭാഗം ചാമ്പ്യൻഷിപ്പ് ഇവയോടൊപ്പം പങ്കുവച്ചത്. മരിയ രാജു മരിയ നാട്യ മയൂരം ബഹുമതിയും നേടിയിരുന്നു.
ജൂനിയർ വിഭാഗം – ടോണി അലോഷ്യസ്
തിരുവനന്തപുരം വഴുതക്കാട് സ്വദേശികളും ഐ ടി ഉദ്യോഗസ്ഥരുമായ അലോഷ്യസ് ഗബ്രിയേലിൻ്റെയും ജിജി അലോഷ്യസിൻ്റേയും രണ്ടാമത്തെ മകനായ ടോണി അലോഷ്യസ്  ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്,  നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ് ), എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടോണി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. തുടർച്ചയായി രണ്ടാം വർഷവും കലാപ്രതിഭ പട്ടവും ടോണിയാണ് നേടിയത്. ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിൽ നിന്നുള്ള ടോണി ഐൽസ്ബറി ഗ്രാമർ സ്കൂളിലെ ജി സി എസ് ഇ വിദ്യാർത്ഥിയാണ്. പിയാനോ, ഡ്രംസ് എന്നീ മ്യൂസിക്കൽ ഇൻസ്ട്രുമെൻറിലും പ്രാഗത്ഭ്യം തെളിയിച്ച ടോണി കരാട്ടേ ബ്രൗൺ ബെറ്റ് ധാരിയാണ്.
സീനിയർ വിഭാഗം – ആനി അലോഷ്യസ്
ടോണി അലോഷ്യസിൻ്റെ സഹോദരിയാണ് സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ ആനി അലോഷ്യസ്. ഐൽസ്ബറി ഗ്രാമർ സ്കൂളിൽ എ ലെവൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആനി. സോളോ സോംഗ്, കീബോർഡ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് ആനി സീനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.2020 – ലെ യുക്മ കലാമേളയുടെ കലാ തിലകം പദവി കരസ്ഥമാക്കിയതും ആനി തന്നെയാണ്. വെസ്റ്റേൺ മ്യൂസിക്, കർണാടിക് മ്യൂസിക്, പിയാനോ എന്നീ ഇനങ്ങളിലും മികവ് തെളിയിച്ച ആനി കരാട്ടേ ബ്രൗൺ ബെൽറ്റ് ധാരികൂടിയാണ്.

ജെ എം പി സോഫ്റ്റ്‌വെയർ സാങ്കേതിക മികവിന്റെ വിജയം 
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള. കഴിഞ്ഞ രണ്ട്‌ വർഷം   ഉപയോഗിച്ച് വിജയകരമെന്ന്‌ തെളിയിച്ച ഡിജിറ്റൽ കലാമേള സോഫ്റ്റ്‌വെയർ, ആവശ്യമായ മാറ്റങ്ങളോടെ പൂർണ്ണമായി കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് 2020 ലെ വെർച്വൽ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി.  യുക്മയുടെ സഹയാത്രികനും,സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറിയുമായ ജോസ് പി എം വർഷങ്ങളായി നടത്തിവരുന്ന JMP software.co.uk എന്ന സ്ഥാപനം  നേഴ്‌സിംഗ് ഏജൻസികളുടെ റോട്ട മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.

യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും……

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു.കെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരുന്നത് വീണ്ടും പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന  ലണ്ടൻ – കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു.  യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ  വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു.
വന്ദേഭാരത് മിഷൻ ഫേസ് 9-ന്റ ഭാഗമായി ജനുവരി 26, 28, 30 ദിവസങ്ങളിൽ കൊച്ചിയിലേയ്ക്ക് ലണ്ടനിൽ നിന്നും വിമാനസർവീസുകൾ ഉണ്ടാവുമെന്ന് ലണ്ടൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലെത്തുവാനുള്ള ഏക ആശ്രയം ഇല്ലാതായതിന്റെ ദുഃഖത്തിലായിരുന്ന യു.കെ മലയാളികൾക്ക് പുതിയ പ്രഖ്യാപനം ആശ്വാസമായി. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് തുടക്കത്തിൽ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ  കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ‍ കേന്ദ്രമന്ത്രി വി മുരളീധരൻ വഴി നിവേദനം നൽകുകയുണ്ടായി. രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചപ്പോൾ ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.
വന്ദേഭാരത് മിഷനിലൂടെ തന്നെ  വിമാന സർവ്വീസ് പുന:സ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി എന്നിവർക്കും, കേരളത്തിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി മുരളീധരനും അടിയന്തിര നിവേദനങ്ങൾ നൽകിയിരുന്നു.
ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവ്വീസുകൾക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സർവ്വീസുകൾ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ നീളുവാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ  ലോക്ക്ഡൗണിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവ്വീസുകൾ അനുവദിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് യുക്മ നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യു.കെയുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതങ്ങൾ ആയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. ഈ സർവീസുകളുടെ കാര്യത്തിൽ അധികാരികളുടെ മുന്നിൽ സമ്മർദ്ദം ചെലുത്തുവാൻ ശ്രമിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം……….

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു കെ മലയാളികൾ.
വന്ദേഭാരത് മിഷനിലൂടെ തന്നെ  വിമാസ സർവ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എന്നിവർക്കും; കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ശ്രീ വി മുരളീധരനും അടിയന്തിര നിവേദനങ്ങൾ നൽകി. വന്ദേഭാരത് മിഷനിലൂടെ ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് അനുവദിച്ചതിൽ പ്രത്യേക താല്പര്യം എടുത്ത ശ്രീ വി മുരളീധരനുമായി യുക്മ പ്രതിനിധികൾ ഈ ദിവസങ്ങളിൽ നേരിട്ട് ബന്ധപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
താൽക്കാലികമായി നിറുത്തിയിരിക്കുന്ന വന്ദേഭാരത് വിമാന സർവ്വീസുകൾ ജനുവരി എട്ടിന് പുനഃരാരംഭിക്കുമ്പോൾ അതിൽ കൊച്ചിയെ ഒഴിവാക്കിയിരിക്കുന്നത് തികച്ചും വേദനാജനകം ആണെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവ്വീസുകൾക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സർവ്വീസുകൾ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കണമെന്ന് യുക്മ ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷന്റെ ലണ്ടൻ – കൊച്ചി വിമാന സർവ്വീസുകൾ, നിറയെ യാത്രികരുമായി വളരെ ലാഭകരമായിട്ടാണ് നടന്നിരുന്നത് എന്നതും കേന്ദ്ര വ്യോമയാന വകുപ്പ് കണക്കിലെടുക്കണമെന്ന് യുക്മയുടെ നിവേദനം ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിന്റെയും, ലോക്ക്ഡൗണിന്റെയും പ്രത്യേക പശ്ചാത്തലത്തിൽ നാട്ടിലേക്ക് നേരിട്ട് വിമാന സർവ്വീസ് മലയാളികൾക്ക് ഏറെ ആശ്വാസകരം ആയിരുന്നു. ഫെബ്രുവരി അവസാനം വരെ നീളുവാൻ സാധ്യതയുള്ള ഇംഗ്ലണ്ടിലെ നിലവിലെ ദേശീയ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ കേരളത്തിൽനിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബർമിംഗ്ഹാമിലേക്കും കൂടി വിമാന സർവ്വീസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യുക്മ നിവേദനം അഭ്യർത്ഥിച്ചു. നിയന്ത്രിതമായ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ, ഹീത്രോ വിമാനത്താവളത്തിൽനിന്നും യു കെ യുടെ വടക്കൻ മേഖലകളിലേക്ക് എത്തിച്ചേരുവാൻ ടാക്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതങ്ങൾ ആയ സാഹചര്യം കൂടി കണക്കിലെടുത്താണിത്.
മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് പറന്നത്. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ തന്റെ  പത്രസമ്മേളനത്തില്‍ അന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.